ആസിഡ് ചോർച്ച പരിഹരിച്ചു; ടാങ്കർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
text_fieldsപുനലൂർ: ദേശീയപാതയിൽ ഇടമൺ വെള്ളിമല കമ്പനിക്കടയിൽ ടാങ്കർ ലോറിയിൽനിന്നുള്ള ആസിഡ് ചോർച്ച പരിഹരിച്ചു. ബുധനാഴ്ച രാത്രി മുഴുവൻ പ്രദേശവാസികളെയും അധികൃതരെയും ആശങ്കയിലാക്കിയ ആസിഡ് ചോർച്ച വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് പൂർണമായി പരിഹരിച്ചത്. ടാങ്കർ ഇവിടെനിന്ന് തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പ്രദേശത്ത് ഇപ്പോഴും ആസിഡിന്റെ രൂക്ഷഗന്ധം പരിസരവാസികളിൽ ആശങ്ക ഉയർത്തുന്നു.
ചോർന്നൊഴുകിയ ആസിഡ് നിർവീര്യമാക്കാൻ പുനലൂർ ഫയർഫോഴ്സ് പലതവണ പരിശ്രമിച്ചെങ്കിലും പൂർണമായില്ല. ആസിഡിന് മുകളിൽ കുമ്മായം വിതറിയാണ് നിർവീര്യമാക്കിയത്. ഈ സമയം പുക ഉയരുന്നത് രൂക്ഷ ഗന്ധത്തിന് ഇടയാക്കി. ഫയർഫോഴ്സ് ശക്തിയായി വെള്ളം ഒഴിച്ച് പാത കഴുകുകയും ചെയ്തു. മൂന്നു നാലു ദിവസത്തേക്ക് പ്രദേശത്ത് ആസിഡിന്റെ ഗന്ധം നിലനിൽക്കുമെന്ന് അധികൃതർ പറഞ്ഞു.
കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒരു കമ്പനിയിലേക്ക് കൊണ്ടുപോയ ഹൈട്രോക്ലോറിക് ആസിഡ് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കമ്പനിക്കട ഭാഗത്ത് ചോർന്നത്. ലോറിയുടെ പിന്നിലെ ടയർ പഞ്ചറായത് മാറ്റാൻ വശത്തേക്ക് ഒതുക്കി ലോറി തൊഴിലാളികൾ ശ്രമിക്കുമ്പോഴാണ് ടാങ്കറിന്റെ പിന്നിലുള്ള വാൽവിനോട് ചേർന്ന് ചോർച്ച ശ്രദ്ധയിൽപെട്ടത്.
ഇവർ അറിയിച്ചതനുസരിച്ച് പുനലൂർ ഫയർഫോഴ്സും തെന്മല പൊലീസും എത്തിയെങ്കിലും ചോർച്ച പരിഹരിക്കാനായില്ല. ഇതിനിടെ ആസിഡ് കൂടുതൽ ചോർന്ന് പരിസരമാകെ പടരുകയും രൂക്ഷഗന്ധവും പകയും അനുഭവപ്പെടുകയും ചെയ്തു. ആസിഡ് കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാൻ പാതയോരത്ത് ഫയർഫോഴ്സ് വലിയ കുഴിയെടുത്ത് അതിലേക്ക് ഒഴുക്കി.
സുരക്ഷ കണക്കിലെടുത്ത് പരിസരത്തുള്ള ചില വീട്ടുകാരെ അധികൃതർ വീടുകളിൽനിന്ന് മാറ്റി. ഇതുവഴിയുള്ള വാഹനഗതാഗതവും വഴിതിരിച്ചുവിട്ടു. ഫയർഫോഴ്സും പൊലീസും എട്ടുമണിക്കൂറോളം സുരക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ചവറ കെ.എം.എം.എല്ലിൽനിന്നുള്ള ലോറി തൊഴിലാളികൾ രാത്രി 11 ഓടെ എത്തിലാണ് ആസിഡ് ചോർച്ച താൽക്കാലികമായി അടച്ചത്. തുടർന്ന് കൊച്ചിയിൽനിന്ന് വിദഗ്ദ്ധർ വന്ന് വാൽവ് അടച്ച് ചോർച്ച പൂർണമായി പരിഹരിച്ച് ടാങ്കർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഇതുവഴി ആസിഡുമായി പോകുന്ന മിക്ക ടാങ്കറുകളും സുരക്ഷിതമല്ലെന്ന് ആക്ഷേപമുണ്ട്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ദിവസവും നിരവധി ടാങ്കറുകളിൽ ഇതുവഴി വിവിധയിനം ആസിഡ് ഉൾപ്പെടെ കൊണ്ടുപോകുന്നുണ്ട്. ടാങ്കറുകൾ കടന്നുപോകുമ്പോൾ വാൽവിൽനിന്നും മറ്റും പാതയിൽ തുള്ളികളായി വീഴുക പതിവാണ്. ടാങ്കറുകൾക്ക് പിറകെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.