ഭർത്താവും സഹോദരനും കൺമുന്നിൽ മുങ്ങിത്താഴ്ന്നത് ഉൾക്കൊള്ളാനാകാതെ അൽഫിയ
text_fieldsപുനലൂർ: വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടും മുമ്പ് പ്രിയതമനും സ്വന്തം സഹോദരനും കൺമുന്നിൽ മുങ്ങിത്താഴ്ന്നത് ഉൾക്കൊള്ളാനാകാതെ അൽഫിയയും കുടുംബവും. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് തെന്മല ഡാം കടവിൽ അൻസൽ, അൽത്താഫ് എന്നിവർ ഒഴുക്കിൽപെട്ടത്. തീർഥാടനത്തിനുശേഷം വീടണയുംമുമ്പ് വന്നുപെട്ട ദുരന്തം രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്ന നാട്ടുകാരെയടക്കം തീരാദുഃഖത്തിലാക്കി.
സൗദി ദമാമിലെ ഖമീസിലായിരുന്ന അൻസൽ മൂന്നുമാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കഴിഞ്ഞ 18നായിരുന്നു കരുനാഗപ്പള്ളി കോഴിക്കോട് പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കേതിൽ അൻസർ- ജാസ്മില ദമ്പതികളുടെ മകൾ അൽഫിയയുമായുള്ള വിവാഹം. വെള്ളിയാഴ്ച രണ്ടു വാഹനത്തിലായി 11 അംഗ സംഘം കരുനാഗപ്പള്ളിയിൽനിന്ന് തമിഴ്നാട്ടിലെ ഏർവാടി ദർഗയിലേക്ക് പുറപ്പെട്ടു. അൻസലും അൽഫിയയും കൂടാതെ അൽഫിയയുടെ മാതാപിതാക്കളും സഹോദരൻ അൽത്താഫും സഹോദരി ആഫിയയും മറ്റ് ചില ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്.
ഞായറാഴ്ച രാത്രിയാണ് ഇവർ ഏർവാടിയിൽനിന്ന് കരുനാഗപ്പള്ളിക്ക് തിരിച്ചത്. രാവിലെ എട്ടോടെ ചായ കുടിക്കാനും പ്രാഥമികാവശ്യ നിർവഹണത്തിനുമായി തെന്മല ഡാമിന് തൊട്ടുതാഴെയുള്ള കല്ലടയാറ്റിലെ കുളിക്കടവിലെത്തി. അൻസലും അൽത്താഫും അൻസറും കുളിക്കാനിറങ്ങി. അൻസർ കുളികഴിഞ്ഞ് കരയിലേക്ക് ആദ്യം കയറി.
മറ്റു രണ്ടുപേരും കുളിക്കടവിലെ പടവുകളിൽ നെഞ്ചൊപ്പം വെള്ളത്തിൽ കുളിക്കുകയായിരുന്നു. പെട്ടെന്ന് ഇരുവരും ഒഴുക്കിൽപെടുന്നതാണ് കരയിലുള്ളവർ കാണുന്നത്. അൻസർ ഇവരെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പരിസരത്തുള്ള യുവാക്കൾ ആറ്റിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ ഇരുവരെയും കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാടിനെ കണ്ണീരണിയിച്ച് യുവാക്കളുടെ വേർപാട്
കോഴിക്കോട്, കുലശേഖരപുരം ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഭർത്താവും കൂടപ്പിറപ്പും കൺമുന്നിൽ മുങ്ങി മരിക്കുന്നത് കാണേണ്ടി വന്ന അൽഫിയയെ ആശ്വസിപ്പിക്കാൻ കഴിയാതെ അയൽക്കാരും ബന്ധുക്കളും നിന്നത് സങ്കടക്കാഴ്ചയായി. ഇരുവരുടെയും മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൽത്താഫിെൻറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു.
പിന്നീട് അൻസിലിെൻറ മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലും അൽത്താഫിെൻറ മൃതദേഹം പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
കുളിക്കടവിൽ സുരക്ഷയില്ലാത്തത് യാത്രക്കാർക്ക് കെണിയായി
തെന്മല ഡാം ജങ്ഷനിൽ കല്ലടയാറ്റിലെ കുളിക്കടവിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് കുളിക്കാനിറങ്ങുന്നവർക്ക് കെണിയാകുന്നു. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ ഉണർന്നു പ്രവർത്തിക്കാൻ തയാറാകുന്നിെല്ലന്ന് ആക്ഷേപമുണ്ട്. സ്ഥലപരിചയമില്ലാത്ത നിരവധിയാളുകൾ പ്രാഥമികാവശ്യത്തിന് ആശ്രയിക്കുന്ന കടവാണ് ഡാം ജങ്ഷനിലേത്. ഇക്കോ ടൂറിസത്തിെൻറ ഫണ്ട് ഉപയോഗിച്ച് കല്ലട ജലസേചന പദ്ധതി അധികൃതരാണ് ഇവിടെ കുളിക്കടവ് സജ്ജീകരിച്ചത്.
കരയിൽനിന്ന് ആറ്റിലേക്കിറങ്ങുന്ന പടവുകളും കൈവരികളും നിർമിച്ചിട്ടുണ്ടെങ്കിലും പരിചയമില്ലാത്തവർ ഇറങ്ങിയാൽ അപകടത്തിലാകും. ഡാം തുറന്ന് വിട്ടിരിക്കുന്നതിനാൽ ഈ ഭാഗത്ത് വെള്ളം കൂടുതലാണ്. കൂടാതെ ഡാമിന് 250 മീറ്റർ താഴെയായതിനാൽ ഷട്ടർ തുറക്കുമ്പോൾ ഇവിടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
വെള്ളം കൂടുതലായതിനാൽ പടവുകൾ അധികവും വെള്ളത്തിന് അടിയിലാണ്. തിങ്കളാഴ്ച കരുനാഗപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളും മരണത്തിലായതും ഇവിടത്തെ അപകടാവസ്ഥ അറിയാതെ കുളിക്കാനിറങ്ങിയവരാണ്. ഇനിയുമൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ അടിയന്തര സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ അധികൃർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.