അമ്പനാട്ടുകാരുടെ ‘ചങ്കായ’ ആനവണ്ടി മധുരപ്പതിനേഴിലേക്ക്
text_fieldsപുനലൂർ: ആര്യങ്കാവിലെ തമിഴ് തോട്ടംതൊഴിലാളികളുടെ നെഞ്ചിലിടം നേടിയ കെ.എസ്.ആർ.ടി.സിയുടെ ആർ.എ.സി- 08 ബസ് പതിനേഴ് വയസ്സിലേക്ക്. ഒരേ റൂട്ടിൽ ഒരേ ബസ് അതും അന്തർസംസ്ഥാന സർവിസായി ഓടുന്നത് കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമാകും.
ആനയടക്കം കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന, തേയിലയും റബറും ഇടതൂർന്ന ഹെയർപിൻ വളവുകളും നിറഞ്ഞ് കോടമഞ്ഞ് പുതച്ച വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയായ അമ്പാനാട്ടേക്കുള്ള യാത്രികരുടെ വരവുപോക്കിനും ഈ ബസിന്റെ പങ്ക് പ്രധാനമാണ്. തുടക്കം മുതൽ യാത്രക്കാർക്കോ ജീവനക്കാർക്കോ കാര്യമായ ബുദ്ധിമുട്ടില്ലാതെ ഇന്നും കേരളത്തിനും തമിഴ്നാടിനും ഇടയിലെ സഞ്ചാരപാലമാണ് ബസ്.
അടുത്ത ഫെബ്രുവരിയിൽ ഈ ബസ് 17ാം വർഷത്തിലേക്ക് കടക്കും. പുനലൂർ ഡിപ്പോയിലെ ആദ്യകാല സർവിസാണ് പുനലൂർ-അമ്പനാട് ബസ്. പിന്നീട് ആര്യങ്കാവിൽ ഡിപ്പോ ആരംഭിച്ചപ്പോൾ ഈ സർവിസ് അങ്ങോട്ട് മാറ്റി. ഈ കാലയളവിലാണ് അമ്പനാട്ടേക്ക് സർവിസിനായി ആർ.എ.സി- 08 വരുന്നത്. മേഖലയിൽ ഭൂരിഭാഗമുള്ള തമിഴ് തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് പുളിയറ, ചെങ്കോട്ട, തെങ്കാശി, പുളിയങ്കുടി, കടയനല്ലൂർ, ആലംകുളം, തിരുനെൽവേലി ഭാഗങ്ങളിലാണ് കൂടുതൽ ബന്ധങ്ങൾ. ഇവരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് രാവിലെയും വൈകീട്ടും തെങ്കാശിയുമായി ബന്ധിപ്പിച്ച് സർവിസ് നീട്ടുകയായിരുന്നു.
നെടുമ്പാറ, പൂത്തോട്ടം, അറണ്ടൽ, അമ്പനാട്, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിലെ യാത്രക്കാരുടെ മുഖ്യ ആശ്രയം ഈ ബസാണ്. കൂടാതെ വിദ്യാർഥികൾ ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസത്തിനായി നെടുമ്പാറ ടി.സി.എൻ.എം എച്ച്.എസ്.എസിൽ വന്നുപോകുന്നു. വലിയ കയറ്റിറക്കവും ഹെയർപിൻ വളവുകളുമുള്ള അമ്പനാട് റൂട്ടിൽ 28 സീറ്റുള്ള ചെറിയ ബസാണ് ഉപയോഗിക്കുന്നത്. എസ്റ്റേറ്റുകളിലെ ടാപ്പിങ് അടക്കം തൊഴിലാളികളാണ് ആദ്യ സർവിസിലെ കൂടുതൽ യാത്രക്കാരും.
അമ്പനാട് നിന്ന് ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട വഴി തെങ്കാശിക്ക് പോകുന്ന ബസ് തെങ്കാശിയിൽനിന്ന് പിന്നീട് പുനലൂരിലേക്കും തിരിച്ച് തെങ്കാശിക്കും പോകും. വൈകീട്ട് തെങ്കാശിയിൽനിന്ന് തിരിച്ച് അമ്പനാട് വന്ന് തിരികെ രാത്രി ഏഴരക്ക് ആര്യങ്കാവിൽ സർവിസ് അവസാനിക്കും. 306 കിലോമീറ്ററാണ് ഒരു ദിവസം ഓടുന്നത്. നഷ്ടമില്ലാത്ത നിലയിൽ ടിക്കറ്റ് കലക്ഷനുമുണ്ട്. പ്രകൃതിദുരന്തങ്ങളും വന്യമൃഗങ്ങളുടെ ശല്യവുമുള്ള റൂട്ടിൽ ഇതുവരെയും കാര്യമായ കുഴപ്പങ്ങൾ സർവിസിനുണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
പലപ്പോഴും ആനയും മ്ലാവും വഴിതടസ്സമാകാറുണ്ടെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. സർവിസ് മുടക്കവും അത്യപൂർവം. ഷെഡ്യൂളായി ഓടുന്നതിനാൽ സ്ഥിരമായ ഡ്രൈവറും കണ്ടക്ടറും യാത്രക്കാർക്കും തിരിച്ചും സുപരിചിതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.