ആംബുലൻസ് കട്ടപ്പുറത്ത് മലയോര നിവാസികൾ ദുരിതത്തിൽ
text_fieldsപുനലൂർ: തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആബുലൻസ് ഗതാഗതയോഗ്യമല്ലാതെ കട്ടപ്പുറത്തായിട്ട് ഒരു വർഷം. മലയോര-തോട്ടംമേഖലയായതിനാൽ നിത്യവും അപകടവും മറ്റ് അത്യാഹിതങ്ങളും പതിവാണ്.
ഇതിലുപരി ഭൂരിഭാഗം കുടുംബങ്ങളും നിർധനരും തോട്ടം തൊഴിലാളികളുമാണ്. ഇവർക്ക് അത്യാഹിതം സംഭവിച്ചാൽ ആശുപത്രികളിലെത്തിക്കണമെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 108 ആംബുലൻസുണ്ടെങ്കിലും എല്ലായിപ്പോഴും പ്രയോജനപ്പെടുന്നില്ല.
എൻ. പിതാംബരക്കുറുപ്പ് എം.പിയായിരുന്നപ്പോഴാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് അനുവദിച്ചത്. കോവിഡ് കാലത്ത് ജനങ്ങൾക്ക് പ്രയോജനമായിരുന്നു. ആംബുലൻസ് ഡ്രൈവർക്കുള്ള ശമ്പളം, വണ്ടിക്ക് വരുന്ന ചെലവുകൾ എന്നിവ തെന്മല പഞ്ചായത്താണ് നൽകിയിരുന്നത്. ആംബുലൻസ് ഗതാഗത യോഗ്യമല്ലാതായതോടെ ഒരു വർഷം മുമ്പാണ് കൊല്ലത്തെ വർക്ക്ഷോപ്പിലേക്ക് മാറ്റിയത്. ആറുമാസം മുമ്പ് എസ്റ്റിമേറ്റ് എടുത്തപ്പോൾ ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് അറിയിച്ചു. ഇത്രയും തുക പഞ്ചായത്തിന് നൽകാൻ കഴിയാത്തതോടെ അറ്റകുറ്റപ്പണി മുടങ്ങി. ആംബുലൻസിന്റെ ഉടമസ്ഥാവകാശം ജില്ല ആരോഗ്യ വകുപ്പ് ഇതുവരെയും പഞ്ചായത്തിന് കൈമാറിയിട്ടുമില്ല. ആംബുലൻസ് അറ്റകുറ്റപ്പണി ചെയ്താലും കാലപ്പഴക്കത്താൽ കൂടുതൽ കാലം ഓടില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. അടിയന്തരമായി പുതിയ ആംബുലൻസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയത് വാങ്ങാൻ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.