ആംബുലൻസുകൾ ഓട്ടം നിലച്ചു; അച്ചൻകോവിലുകാർ ദുരിതത്തിൽ
text_fieldsപുനലൂർ: അച്ചൻകോവിലുകാർ ആശ്രയിച്ചിരുന്ന ആംബുൻസുകൾ കട്ടപ്പുറത്തായതോടെ ജനം ദുരിതത്തിൽ. വനമധ്യേയുള്ള രണ്ടു വാർഡുകളിലെ ആദിവാസികളടക്കമുള്ളവർ അത്യാവശ്യങ്ങൾക്ക് ജീപ്പുകളെയും മറ്റും ആശ്രയിക്കുകയാണ്. പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആരോഗ്യവകുപ്പ് ആംബുൻസ് അനുവദിച്ചിരുന്നു. ഇത് കുറേ മാസം ഓടി തകരാറായതോടെ അഞ്ചുവർഷം മുമ്പ് കട്ടപ്പുറത്ത് കയറ്റി. ജനങ്ങളുടെ പ്രതിഷേധം ഉയർന്നപ്പോൾ വനംവകുപ്പ് ആംബുൻസ് എത്തിച്ച് സർവിസ് നടത്തിയിരുന്നു. ആറു മാസമായി അറ്റകുറ്റപണി ചെയ്യാതെയും ഡ്രൈവർക്ക് ശമ്പളം നൽകാതെയും ഈ ആംബുൻസും ഓട്ടം നിർത്തിവെച്ചിരിക്കുകയാണ്.
വനമേഖലയായതിനാൽ അപകടങ്ങളും വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും കടിയേൽക്കുന്നതും നിത്യസംഭവമാണ്. പ്രാഥമിക ചികിത്സക്കുപോലും 45 കിലോമീറ്റർ അകലെയുള്ള പുനലൂരിൽ എത്തേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മറ്റ് വാഹനങ്ങളിലെ യാത്ര വൻചെലവ് വരുത്തുന്നതും ചികിത്സക്ക് എത്തേണ്ടവർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യവും ഉണ്ടാക്കുന്നു. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കുംഭാവുരുട്ടി കഴിഞ്ഞ ദിവസം തുറന്നതോടെ പുറത്തുനിന്ന് ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെത്തുന്നത്. നിലവിലുള്ള ആംബുലൻസ് സേവനം ലഭ്യമാക്കാത്തതിനെക്കുറിച്ച് വനം അധികൃതരും വ്യക്തമായ മറുപടി പറയുന്നില്ല. പകരം സംവിധാനം ഒരുക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.