അമൃത് ഭാരത്; മുഖംമിനുക്കി പുനലൂർ റെയിൽവേ സ്റ്റേഷൻ
text_fieldsപുനലൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്ന ജോലി പുരോഗമിക്കുന്നു. ഒന്നാംഘട്ടമായി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് വികസിപ്പിക്കുന്നത്.
അഞ്ചരക്കോടി രൂപ അടങ്കൽ കണക്കാക്കുന്ന നവീകരണമാണ് ആദ്യഘട്ടത്തിൽ. കാലപ്പഴക്കത്തിലുള്ള പ്രധാന സ്റ്റേഷൻ കെട്ടിടം മോടിപിടപ്പിക്കുന്നതിനുള്ള ജോലികളാണ് തുടങ്ങിയത്. ഇതോടൊപ്പം ചൗക്കയിൽ അടിപ്പാതയോട് ചേർന്ന് കവാട നിർമാണവും ആരംഭിച്ചു. സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തായി റെയിൽവേ സംരക്ഷണസേനാ നിലയത്തോടുചേർന്ന് പാർക്കിങ് സ്ഥലവും ഒരുക്കുന്നുണ്ട്.
ഇതിനായി മൂന്ന് മാസം മുമ്പ് മരങ്ങൾ മുറിച്ചു. പുതിയ വിശാലമായ പാർക്കിങ് സ്ഥലം ഒരുങ്ങുന്നതോടെ സ്റ്റേഷനു മുന്നിലുള്ള പാർക്കിങ് അവസാനിപ്പിക്കും. ഇവിടെ മുറ്റവും പൂന്തോട്ടവും നിർമിക്കും. ചൗക്ക റോഡിൽനിന്ന് സ്റ്റേഷനിലേക്കുള്ള റോഡും വികസിപ്പിക്കും. സ്റ്റേഷൻ കെട്ടിടത്തിൽ കാത്തിരിപ്പു മുറികള്‍, കുടിവെള്ളം, ശൗചാലയങ്ങള്‍, ഇരിപ്പിടങ്ങള്‍, നടപ്പാലം എന്നിവ നിർമിക്കുന്നതും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ 1000 ചെറുസ്റ്റേഷനുകൾ ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്ന പദ്ധതിയാണ് അമൃത് ഭാരത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി കൊല്ലം-ചെങ്കോട്ട പാതയില്‍ പുനരുദ്ധരിക്കുന്ന കേരളത്തിലെ ഏക സ്റ്റേഷൻ പുനലൂരിലേതാണ്. തുടക്കത്തിൽ 73.36 ലക്ഷം രൂപ ചെലവിൽ സ്റ്റേഷനിൽ ഡിസ്പ്ലേ ബോർഡുകളും അനൗൺസ്മെന്റ് സംവിധാനവും ഒരുക്കിയിരുന്നു. നിർമാണ പുരോഗതി പരിശോധിക്കാൻ മധുര ഡിവിഷൻ മാനേജർ അടുത്തിടെ പുനലൂർ സ്റ്റേഷൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.