അംഗൻവാടി കെട്ടിടം പുനർനിർമിക്കുന്നില്ല; കുട്ടികളുടെ പഠനം മുടങ്ങി
text_fieldsപുനലൂർ: തകർച്ചയിലായ അംഗൻവാടി കെട്ടിടം പുനർനിർമാണം വൈകുന്നു. ഇതുകാരണം കോളനിയിലെ നിരവധി കുട്ടികളുടെ പഠനം മുടങ്ങി. അംഗൻവാടി മറ്റൊരു കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റിയതിനെ തുടർന്ന് വാടകയും വൈദ്യുതി ബില്ലും ഒടുക്കുന്ന അധ്യാപികയും ബുദ്ധിമുട്ടിലായി. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ തേവർക്കാട് കോളനിയിലെ അംഗൻവാടി കെട്ടിട നിർമാണമാണ് നീണ്ടുപോകുന്നത്.
വർഷങ്ങളായി കോളനിയിൽ അംഗൻവാടി പ്രവർത്തിച്ചിരുന്ന കെട്ടിടം പ്രകൃതിക്ഷോഭത്തിൽ നാലു വർഷം മുമ്പ് തകർച്ചയിലായി. തുടർന്ന് ഒരു കിലോമീറ്ററോളം അകലെ ഇടപ്പാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സിന് സമീപം സ്വകാര്യ കെട്ടിടത്തിലേക്ക് അംഗൻവാടി താൽകാലികമായി മാറ്റി. ഇതോടെ കോളനിയിലെ കൊച്ചു കുട്ടികൾ അവിടെ എത്തിച്ച് തിരികെ കൊണ്ടുവരാൻ പ്രയാസമായി. ഇതുകാരണം പലകുട്ടികളും അംഗൻവാടിയിലെ പഠനം ഉപേക്ഷിച്ചു. നിലവിലെ കെട്ടിടത്തിന്റെ വാടക മാസം 4000 രൂപയിൽ വനിത ശിശുവികസന വകുപ്പ് 2000 രൂപ നൽകുന്നുണ്ട്. ബാക്കി 2000 രൂപ അധ്യാപികയാണ് നൽകുന്നത്. കൂടാതെ വെള്ളത്തിനും വൈദ്യുതി ബില്ലും അടയ്ക്കുന്നുണ്ട്.
കോളനിയിൽ പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് 14 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകിയിട്ട് മാസങ്ങളായി. പഴയ അംഗനവാടി കെട്ടിടം പൊളിച്ചു മാറ്റാനുള്ള പണം അനുവദിച്ചില്ല. ഇതാണ് പുതിയ കെട്ടിടം നിർമിക്കാൻ താമസം നേരിടുന്നത്. പുതിയ കെട്ടിടം നിർമിച്ച് അംഗൻവാടി കോളനിയിലേക്ക് മാറ്റിയില്ലെങ്കിൽ ഇവിടുള്ള കുട്ടികളെ അംഗൻവാടി യിൽ വിടാൻ കഴിയാതാകും. പഴയ കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചാലേ പുതിയ കെട്ടിടം നിർമിക്കാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.