ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്റർസ്റ്റേറ്റ് ഹബ്ബാക്കും
text_fieldsപുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്റർസ്റ്റേറ്റ് ഹബ്ബാക്കി മാറ്റാനും പുനലൂർ ഡിപ്പോയിൽ ആധുനിക സൗകര്യമുള്ള കെട്ടിടം നിർമിക്കാനും മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർദേശിച്ചു. പുനലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ വികസനവും പുതിയ സർവിസുകൾ ആരംഭിക്കുന്നതും സംബന്ധിച്ച് പി.എസ്. സുപാൽ എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.
തമിഴ്നാട് ബസുകൾ ഇപ്പോൾ ആര്യങ്കാവ് ഡിപ്പോയിൽ കയറുന്നിെല്ലന്നും ബസുകൾ ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാറിനോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കാൻ കെ.എസ്.ആർ.ടി.സി എം.ഡിയെ ചുമതലപ്പെടുത്തി.
നടപടി പൂർത്തിയാകുന്നമുറക്ക് ഇന്റർ സ്റ്റേറ്റ് ഹബ് എന്നനിലയിൽ കൂടുതൽ ബസുകൾ ഇവിടെ നിന്ന് ഓപറേറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആര്യങ്കാവിൽ നിന്ന് ഒാപറേറ്റ് ചെയ്യേണ്ട ദീർഘദൂര, പ്രാദേശിക സർവിസ് ഉൾപ്പടെ ഉള്ളവയുടെ റിപ്പോർട്ട് അടുത്ത യോഗത്തിൽ എത്തിക്കാൻ കോർപറേഷൻ ഇ.ഡി.ഒ ഓപറേഷനെ ചുമതലപ്പെടുത്തി.
കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന ഗുരുവായൂർ സർവിസ് റീ ഷെഡ്യൂൾ ചെയ്യും.
കുളത്തൂപ്പുഴയിൽനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രാദേശിക സർവിസുകൾ ആരംഭിക്കുന്നതിനുള്ള റിപ്പോർട്ട് അടുത്ത യോഗത്തിൽ സമർപ്പിക്കാനും നിർദേശം നൽകി. പുനലൂർ-കോഴിക്കോട്, പുനലൂർ-കരുനാഗപ്പള്ളി, ടൗൺ ചെയിൻ സർവിസ്, മറ്റ് പ്രാദേശിക സർവിസുകൾ എന്നിവയുടെ റിപ്പോർട്ടും സമർപ്പിക്കാൻ നിർദേശം നൽകി.
നിലവിലുള്ള മൂന്നാർ, പെരിന്തൽമണ്ണ, നാഗർകോവിൽ തുടങ്ങിയവയുടെ റീഷെഡ്യൂൾ നടത്തും. അടുത്ത യോഗം നിയമസഭ സമ്മേളനം തുടങ്ങുന്ന ആദ്യ ആഴ്ചയിൽ ചേരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.