തുറക്കുംമുമ്പേ കാട് മൂടി വ്യൂ ടവർ
text_fieldsപുനലൂർ: തെന്മല പരപ്പാർ ഡാമും വിദൂര സൗന്ദര്യവും ആസ്വദിക്കാൻ നിർമിച്ച വ്യൂ ടവർ കാടുമൂടി നശിക്കുന്നു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തെന്മല ഇക്കോ ടൂറിസം മേഖലയിൽ ഡാം ടോപ്പിൽ മൂന്നര വർഷം മുമ്പാണ് നാല് നിലയുള്ള വ്യൂ ടവർ നിർമിച്ചത്.
നിശ്ചിത കാലയളവും കഴിഞ്ഞായിരുന്നു നിർമാണം പൂർത്തിയാക്കിയത്. കല്ലട ജലസേചന പദ്ധതിയുടെ വിനോദ സഞ്ചാര പദ്ധതി വികസനത്തിന്റെ ഭാഗമായി കൂടുതൽ ആളുകളെ ആകർഷിക്കാനും ഇതിലൂടെ വരുമാന വർധനയും പ്രതീക്ഷിച്ചായിരുന്നു വ്യൂ ടവർ നിർമാണം. ടവറിന്റെ നാല് നിലയിൽ നിന്നും ഒരേ സമയം നൂറുകണക്കിന് പേർക്ക് പരിസരത്തെ കാഴ്ചകൾ കാണാനാകും.
ഡാം ടോപ്പിൽ ഡാം ഭിത്തിയുടെ വലത് ഭാഗത്ത് മലയോട് ചേർന്നായിരുന്നു നിർമാണം. ടവറിന് മുകളിൽ കയറി കിലോമീറ്ററുകൾ ദൂരത്തിൽ ഡാമിലെ വെള്ളവും മലമടക്കുകളും കാണാം. സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവം നൽകുന്നതാണ് ഇവിടെ നിന്നുള്ള കാഴ്ചകൾ. എന്നാൽ, ടവറിലേക്ക് എത്താനുള്ള വഴിയുടെ നിർമാണം ഭാഗികമായി കരിങ്കല്ലടുക്കി ഉപേക്ഷിച്ച നിലയിലാണ്.
കൂടാതെ ടവറും പരിസരവും കാടുമൂടി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമാണ്. ശേഷിക്കുന്ന ചെറിയ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കി ടവർ തുറന്നുകൊടുക്കാൻ കെ.ഐ.പി തയ്യാറാകുന്നില്ല. ഫണ്ടിന്റെ കുറവും കരാറുകാരുടെ നിസ്സഹകരണവുമാണ് കാരണമായി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.