തർക്ക ഭൂമിയിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചു; പിന്നാലെ വനം വകുപ്പ് മഹസ്സർ തയാറാക്കി
text_fieldsപുനലൂർ: തെന്മലയിലെ തർക്ക ഭൂമിയിൽ അവകാശം സ്ഥാപിച്ച് റവന്യൂ വകുപ്പ് ബോർഡ് വെച്ചതിന് തൊട്ടുപിന്നാലെ വനംവകുപ്പ് മഹസ്സർ തയാറാക്കി. ഇതോടെ ഭൂമിയെ ചൊല്ലി ഇരുവകുപ്പുകളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. തെന്മല ജങ്ഷനിലെ ഡിപ്പോ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയാണ് റവന്യൂ, വനംവകുപ്പ് തർക്കം വർഷങ്ങളായിയുള്ളത്.
ഭൂമി റവന്യൂ വകുപ്പിന്റെ ആണെന്ന് കാണിച്ച് റവന്യൂ അധികൃതർ ചൊവ്വാഴ്ച ഡിപ്പോയിൽ ബോർഡ് സ്ഥാപിച്ചു. ഡെപ്യൂട്ടി തഹസിൽദാർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഭൂമി റവന്യൂ വകുപ്പിന്റെതാണെന്നും മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞിരിക്കുന്നതായും കാണിച്ച് ബോർഡ് സ്ഥാപിച്ചത്.
ഇവർ ബോർഡ് സ്ഥാപിച്ച് പോയതിന് പിന്നാലെയെത്തിയ തെന്മല ഫോറസ്റ്ററും സംഘവും ബോർഡിന്റെ ചിത്രയെടുത്ത് മഹസ്സറും തയാറാക്കിയിട്ടുണ്ട്. തെന്മല ഡി.എഫ്.ഒയും റേഞ്ച് ഓഫിസറും ചൊവ്വാഴ്ച സ്ഥലത്തില്ലാത്തതിനാൽ ഇവർ വന്നതിനുശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് വനപാലകർ പറഞ്ഞു. റവന്യൂ വകുപ്പിനെതിരെ കേസെടുക്കുന്നതിന് മുന്നോടിയാണ് മഹസർ തയാറാക്കിയത്.
24.16 ഏക്കർ ഭൂമിയിയെ ചൊല്ലിയാണ് ഇരു വകുപ്പുകളും തമ്മിൽ തർക്കത്തിലുള്ളത്. റവന്യൂ പുറമ്പോക്കായിരുന്ന ഈ ഭൂമി തടി സൂക്ഷിക്കാൻ വേണ്ടി വനംവകുപ്പിന് മുമ്പ് താൽക്കാലികമായി വിട്ടുകൊടുത്തതാണന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ഈ ഭൂമി ഇപ്പോൾ തങ്ങളുടേയാണെന്ന് അവകാശപ്പെട്ട് വിട്ടുകൊടുക്കാൻ വനംവകുപ്പ് തയാറാകാതെ നിർമാണ പ്രവർത്തനങ്ങളും മറ്റും നടത്തുകയാണ്.
ഭൂമിക്ക് ചുറ്റും വനം വകുപ്പ് വേലി സ്ഥാപിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് റവന്യൂവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇത് വകവെക്കാതെ വേലി നിർമാണം മുന്നോട്ടുപോയി. തുടർന്നാണ് റവന്യൂ അധികൃതരെത്തി ബോർഡ് സ്ഥാപിച്ചത്. മുമ്പ് ജി.എസ്.ടി വകുപ്പിന് ഇന്റർ ഗേറ്റ് ചെക് പോസ്റ്റ് സ്ഥാപിക്കാൻ എട്ടേക്കർ റവന്യൂ വകുപ്പ് വിട്ടുകൊടുത്തിരുന്നു.
അന്ന് ഇതിനെതിരെ വനം വകുപ്പ് ഒരു തർക്കവും ഉന്നയിച്ചിരുന്നില്ല. അടുത്തിടെ തെന്മല പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനും ഒന്നര ഏക്കർ ഭൂമി നൽകി. റവന്യൂ പുറമ്പോക്കാണന്ന് വ്യക്തമായ തെളിവുകളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. കൂടാതെ ഇന്നലത്തെ സംഭവവികാസങ്ങൾ കലക്ടർക്കും റിപ്പോർട്ട് ചെയ്തു. എന്നാൽ, വനപാലകരും ഉടമസ്ഥാവകാശം ശക്തമായി ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.