പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കുന്നില്ല; യാത്രക്കാർ അപകട ഭീഷണിയിൽ
text_fieldsപുനലൂർ: വന്മള-ചാലിയക്കര റോഡിന് കുറുകയുള്ള വന്മള പാലത്തിന്റെ കൈവരികൾ തകർന്നത് പുനർനിർമിക്കാൻ നടപടിയില്ല. തെന്മല, പിറവന്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരത്തുള്ള പ്രധാന പാലമാണിത്. ഇതുവഴിയുള്ള വിദ്യാർഥികളടക്കം യാത്രക്കാർ ഭീതിയിലാണ്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് തോട്ടിൽ വെള്ളം ഉയർന്ന് മലവെള്ളം പാഞ്ഞാണ് ഇരുവശത്തെയും കൈവരികൾ പൂർണമായി തകർന്നത്. ഒരു വശത്തെ കൈവരി പൊളിഞ്ഞ് തോട്ടിൽ വീഴുകയും മറുവശത്തേത് പാലത്തിന്റെ വശത്തും കിടപ്പുണ്ട്.
ഭീതിയോടെയാണ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നത്. വാഹനം ഓടിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ വാഹനം തോട്ടിൽ പോകുന്ന സാഹചര്യമാണ്. തടികയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ പതിവായി ഇതുവഴി വരുന്നുണ്ട്. വേനലായതോടെ ദൂരെദിക്കിൽ നിന്നു ബൈക്കിലും മറ്റുമായി നിരവധി വിനോദസഞ്ചാരികളും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. കൈവരികൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി പോയതല്ലാതെ ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും കൈവരി വെച്ചില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. തോട്ടിൽ നിന്നു മതിയായ ഉയരമില്ലാതെ അടുത്ത കാലത്ത് നിർമിച്ചതാണ് പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.