പുനലൂർ നഗരസഭ ബൾബ് വാങ്ങൽ പദ്ധതി സമയത്തിന് നടപ്പാക്കിയില്ല
text_fieldsപുനലൂർ: നഗരസഭ പ്രദേശത്ത് തെരുവുവിളക്കുകൾക്കായി ബൾബ് വാങ്ങൽ പദ്ധതി ഭരണസമിതിയിലെ പടലപിണക്കംമൂലം നടപ്പാക്കാനായില്ലെന്ന് ആക്ഷേപം. ഇതുകാരണം ഈ ഓണക്കാലം നഗരസഭ പ്രദേശത്തെ ഭരണനേതൃത്വം കൂരിരുട്ടിലാക്കിയതായി പ്രതിപക്ഷം ആരോപിച്ചു. 35 വാർഡുകളിൽ ബൾബുകൾ വാങ്ങുന്നതിനുള്ള പദ്ധതിയാണ് നടപ്പാകാത്തത്.
ബൾബുകൾ വാങ്ങുന്നതിനായി വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വെച്ചിരുന്നു. അക്രെഡിറ്റഡ് ഏജൻസികൾ വഴി പദ്ധതി നടപ്പിലാക്കുന്നതിനായി ടെണ്ടര്‍ നടപടികൾ സ്വീകരിച്ചെങ്കിലും 23 വോൾട്ടിന്റെ ഒരു ബൾബിന് 395 രൂപ നിരക്കിൽ 4600 ബൾബുകൾ വാങ്ങുന്നതിനായി അക്രെഡിറ്റഡ് ഏജൻസിയായ കെ.ഇ.എല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് കരാർ ലഭിച്ചു.
എന്നാൽ കരാർ അംഗീകരിക്കുന്നതിനായി നഗരസഭ ഭരണ നേതൃത്വം ശ്രമിച്ചെങ്കിലും ഇവരിൽപ്പെട്ട ചിലർ തുക വളരെ കൂടുതലാണ് എന്ന് ആക്ഷേപം ഉന്നയിച്ചുവത്രെ. ഭരണസമിതി വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ ഈ നിരക്കില്‍ ബൾബുകൾ വാങ്ങിയാല്‍ നഗരസഭയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടം ഉണ്ടാകുമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ ഫയലില്‍ രേഖപ്പെടുത്തി.
അതോടെ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത നിലയിലായി. പദ്ധതി മുടങ്ങിയതോടെ പല കൗണ്‍സിലര്‍മാരും തമിഴ്നാട്ടില്‍ പോയി പണം മുടക്കി ബൾബുകൾ വാങ്ങി തങ്ങളുടെ വാർഡുകളിലെ തെരുവ് വിളക്കുകളിൽ ഇടുന്നതിന് ഉള്ള ശ്രമത്തിലാണ്. ഓണക്കാലത്ത് പട്ടണത്തെ ഇരുട്ടിലാക്കിയ നഗരസഭ ഭരണാധികാരികൾ മാപ്പര്‍ഹിക്കുന്നില്ലെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജി.ജയപ്രകാശ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.