നഗരസഭ അധികൃതർ ‘പുട്ടടിച്ച’ പണം നൽകിയില്ല; കഫ്ത്തീരിയ പൂട്ടി
text_fieldsപുനലൂർ: നഗരസഭ അധികൃതർ വാങ്ങിയ ചായയുടേയും കടിയുടേതുമായി വൻതുക നൽകാത്തതിനെ തുടർന്ന് കഫ്ത്തീരിയ അടച്ചൂപൂട്ടി. പുനലൂർ നഗരസഭ കാര്യാലയത്തോട് ചേർന്നുള്ള നഗരസഭ കഫ്ത്തിരിയയാണ് നടത്തിപ്പുകാർ കടബാധ്യതയെ തുടർന്ന് പൂട്ടിയത്.
വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഈ കട നഗരസഭ കാര്യാലയം, വില്ലേജ് ഓഫിസ് തുടങ്ങിയ ഈ ഭാഗത്ത് എത്തുന്ന ജനത്തിന് വളരെ അനുഗ്രഹമായിരുന്നു. മൂന്നു വർഷം മുമ്പ് പുതിയ നടത്തിപ്പുകാർക്ക് നഗരസഭ കഫ്ത്തീരിയ വാടകക്ക് നൽകുകയായിരുന്നു. നഗരസഭയിൽ നടക്കുന്ന യോഗങ്ങൾക്കും മറ്റും പങ്കെടുക്കുന്നവർക്ക് ആവശ്യമായ ചായയും മറ്റു പാനിയങ്ങളും ലഘുഭക്ഷണങ്ങളും കഫ്ത്തീരിയയിൽ നിന്നാണ് നൽകിയിരുന്നത്. ഓർഡർ നൽകുന്ന സാധനങ്ങൾ പലതും പുറത്ത് നിന്നും പണം കൊടുത്തു വാങ്ങി എത്തിക്കുമായിരുന്നു.
മൊത്തത്തിൽ ഒന്നര വർഷത്തെ തുകയായി വൻതുക ലഭിക്കാനുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. ഈ തുക ആവശ്യപ്പെട്ട് ചെയർപേഴ്സൺ, സെക്രട്ടറി അടക്കം അധികൃതരെ പലതവണ സമീപിച്ചിട്ടും ഓരോ തടസങ്ങൾ പറഞ്ഞ് കാശ് നൽകാൻ ഇവർ തയ്യാറാകുന്നില്ലെന്ന് പറയുന്നു. മുമ്പ് നടത്തിയിരുന്നവർക്ക് നഗരസഭയിൽ നിന്ന് നൽകാനുള്ള തുക കൊടുത്തതിന് ശേഷം ഇപ്പോഴത്തെ നടത്തിപ്പുകാർക്ക് ഭാഗികമായി നൽകാമെന്നും ഇവർ പറയുന്നുണ്ടെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അടച്ചുപൂട്ടേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.