ഓണക്കാലം: ആര്യങ്കാവിൽ പാലും പച്ചക്കറിയും പരിശോധിക്കുന്നു
text_fieldsപുനലൂർ: ഓണക്കാലം കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചു. മൊബൈൽ ലാബിന്റെ സഹായത്തോടെ ചൊവ്വാഴ്ച മുതലാണ് ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധന തുടങ്ങിയത്. ഇവിടേക്ക് കൊണ്ടുവരുന്ന പഴം, പച്ചക്കറി, പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്. ഓണവിപണി ലക്ഷ്യമാക്കി മായം കലർന്നതടക്കം ആരോഗ്യത്തിന് ഹാനികരമാകുന്ന സാധനങ്ങൾ കൊണ്ടുവരുന്നത് തടയുകയാണ് ലക്ഷ്യം.
ആദ്യഘട്ടമായി പ്രധാനമായും പാലും പാലുൽപന്നങ്ങളുമാണ് പരിശോധിക്കുന്നത്. പച്ചക്കറികളുടെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ റീജനൽ ലാബിലേക്ക് വിദഗ്ധ പരിശോധനക്കുവേണ്ടി അയക്കുന്നുണ്ട്. അതേസമയം സ്പോട്ട് പരിശോധനയിലൂടെ കീടനാശിനികളുടെ അടക്കം സാമ്പിൾ കണ്ടെത്താൻ സംവിധാനമില്ലാത്തത് പരിശോധന കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനത്തെ ബാധിക്കുന്നു. പച്ചക്കറികളുടേയും മറ്റും സാമ്പിൾ ലാബിലെത്തിച്ച് പരിശോധന നടത്തി ഫലം വരുന്നതിന് കാലതാമസമെടുക്കും. നിലവിൽ പാലും പാൽ ഉൽപന്നങ്ങളും പരിശോധിക്കാൻ ക്ഷീരവകുപ്പിന്റെ ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇതൊടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പും ഇത്തരം സാധനങ്ങൾ പരിശോധിക്കുന്നതിൽ പ്രയോജനമില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.