ചെങ്കോട്ട-കൊല്ലം റെയിൽപാത; മണ്ണിടിച്ചിൽ തടയാനും പ്ലാറ്റ്ഫോം ഉയരം കൂട്ടാനും നടപടി
text_fieldsപുനലൂർ: ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽപാതയിൽ മണ്ണിടിച്ചിൽ തടയാനും പ്ലാറ്റ്ഫോമുകളുടെ ഉയരം കുറവുള്ള സ്റ്റേഷനുകളിൽ ഉയരം കൂട്ടുന്നതിനും ടെൻഡർ നടപടികൾ റെയിൽവേ ആരംഭിച്ചു.
ചെങ്കോട്ടക്കും പുനലൂരിനും ഇടയിൽ പലയിടത്തും മണ്ണിടിഞ്ഞ് വീഴാനും മണ്ണൊലിച്ചുപോകാനും സാധ്യതയുള്ള മേഖലകൾ കൃത്യമായി പരിപാലിക്കും.
ജൂലൈ 10ന് മഴക്കിടെ തെന്മല റെയിൽവേ സ്റ്റേഷന് സമീപം പാറയും കുന്നും പാളത്തോട് ചേർന്ന് ഇടിഞ്ഞുവീണ് ഗുരുവായൂർ-മധുര എക്സ്പ്രസിന് യാത്രാതടസ്സം നേരിട്ടിരുന്നു. കഴിഞ്ഞവർഷവും സമാന സംഭവം ഒറ്റക്കൽ ഭാഗത്തുണ്ടായി. ഒറ്റക്കൽ, ഇടപാളയം, കുണ്ടറ ഈസ്റ്റ് എന്നീ റെയിൽവേ സ്റ്റേഷനുകളിലുള്ള ഏക പ്ലാറ്റ്ഫോമുകൾക്ക് ഉയരം കുറവാണ്.
ഇവയുടെയും ഇടമൺ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെയും ഉയരം വർധിപ്പിക്കാനുള്ള ടെൻഡറാണ് വിളിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് കയറിയിറങ്ങുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. യാത്രക്കാരുടെ സംഘടനകൾ എം.പിയെ ബന്ധപ്പെട്ട് നിവേദനങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതിനെത്തുടർന്നാണ് നടപടിയായത്.
തെന്മല, കുണ്ടറ സ്റ്റേഷനുകളിൽ ട്രാക്ക് മെഷീൻ നിർത്തിയിടുന്നതിനുള്ള സൈഡ് റെയിൽവേ ലൈനുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ റെയിൽവേ നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിഗ്നൽ ജോലികൾക്കുള്ള ടെൻഡർ നടപടികളും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.