പുനലൂർ താലൂക്കാശുപത്രിയിലെ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
text_fieldsപുനലൂർ: താലൂക്കാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹൈടെക് ബഹുനില മന്ദിരം അവസാന മിനുക്കുപണിയിൽ. പുതിയ മന്ദിരം ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പുതിയ കെട്ടിട ഉദ്ഘാടനത്തോടെ താലൂക്കാശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുമെന്നും പ്രതീക്ഷയുണ്ട്.
സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജുവിെൻറ പ്രയത്നഫലമായാണ് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. ബഹുനിലമന്ദിരത്തിനുള്ള കിഫ്ബി ഫണ്ട് കൂടാതെ മന്ത്രിയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടത്തിൽ ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം കഴിയുന്നതോടെ മലയോരമേഖലയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷീക്കുന്നത്.
68.19 കോടി രൂപ കിഫ്ബി ധനസഹായത്തോടെയാണ് 2,20000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടം പൂർത്തിയാക്കിയത്. ഇതുകൂടാതെ കെട്ടിടത്തിനുള്ളിലെ പശ്ചാത്തല വികസനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി കിഫ്ബി 2.07 കോടി രൂപയും പുതുതായി അനുവദിച്ചു. 333 കിടക്കകളുള്ള കെട്ടിടത്തിൽ ഫിസിയോളജി, ഓഡിയോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാവിഭാഗങ്ങളും ഏഴ് ഓപറേഷൻ തിയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റ്മോർട്ടം മുറി, എക്സ് റേ, എം.ആർ.ഐ, സി.ടി. സ്കാൻ, ഡെൻറൽ എക്സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റിവ് യൂനിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐ.സി.യു കിടക്കകളും ആറ് ലിഫ്റ്റുകളുമുണ്ട്. ഇങ്കെലിനാണ് നിർവഹണ ചുമതല.
ശുചീകരണസംവിധാനം, മാലിന്യസംസ്കരണ പ്ലാൻറ്, അഗ്നിരക്ഷാസംവിധാനം, മൂന്ന് ജനറേറ്ററുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് കെട്ടിടം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.