കുട്ടിക്കുസൃതി പൊല്ലാപ്പായി; പാളങ്ങൾക്കിടെ കല്ല് വെച്ച് സിഗ്നലിങ് തടസ്സപ്പെടുത്തി, രണ്ട് കുട്ടികൾ പിടിയിൽ
text_fieldsപുനലൂർ: പാളങ്ങൾക്കിടെ പാറക്കല്ലിട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇടമൺ റെയിൽവേ സ്റ്റേഷന് സമീപമുള്ളവരും ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളെയാണ് പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയത്. ഇരുവരും പ്രായപൂർത്തിയാകാത്തവരും കുറ്റത്തിന്റെ ഗൗരവം മനസ്സിലാകാത്തവരും ആയതിനാൽ താക്കീതും ബോധവത്കരണവും നടത്തിയശേഷം രക്ഷാകർത്താക്കളെ വരുത്തി വിട്ടയച്ചു.
കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ഇടമൺ സ്റ്റേഷന് സമീപമാണ് സിഗ്നലിങ് പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ കൂട്ടിയിട്ട് പലപ്പോഴും ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും 100 മീറ്റർ കിഴക്ക് തണ്ടുപാളത്തുനിന്ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലേക്ക് കയറുന്ന സിഗ്നലിങ് പാളങ്ങൾക്കിടയിലാണ് ഇവർ കല്ല് കൂട്ടിയിടുന്നത്.
ഇരുപാളങ്ങളുടേയും ഇടയിൽ കല്ല് തടസ്സമായതിനാൽ സ്റ്റേഷനിൽനിന്നും സിഗ്നൽ നൽകുമ്പോൾ പാളങ്ങൾ അടുക്കുകയില്ല. ഇതുകാരണം സിഗ്നൽ കിട്ടാതെ ട്രെയിൻ നിശ്ചിത ട്രാക്കിലേക്ക് കയറാനാകാതെ നിർത്തിയിടേണ്ടിവരും.
ആറുമാസം മുമ്പ് ഇതേനിലയിൽ ഈ ഭാഗത്ത് പാളങ്ങൾക്കിടയിൽ ഇവർ കല്ലിട്ട് ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നു. പുനലൂർ റെയിൽവേ പൊലീസിന്റെ തുടർച്ചയായുള്ള നിരീക്ഷണങ്ങളെ തുടർന്ന് പിന്നീട് സംഭവം ആവർത്തിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പാളങ്ങളുടെ ഇടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്നെത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ കിട്ടാത്തതിനാൽ സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടിവന്നു. തുടർന്നുള്ള അന്വേഷണത്തിൽ പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തി. അവസാനം കല്ല് നീക്കംചെയ്ത് സിഗ്നൽ ലഭിച്ച് ട്രെയിൻ യാത്ര തുടർന്നു. രാത്രി എട്ടോടെ വീണ്ടും ഇതേസംഭവം ആവർത്തിച്ചു. ചെങ്കോട്ടയിൽ നിന്ന് പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങിയത്. റെയിൽവേ അധികൃതർ പാളങ്ങൾക്കിടയിലെ പതിനഞ്ചോളം കല്ലുൾ നിക്കി അരമണിക്കൂറിന് ശേഷം സിഗ്നൽ പുനഃസ്ഥാപിച്ചു.
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണാർഥം പിറ്റേന്ന് വൈകീട്ടോടെ ഇവിടെ എത്തിയപ്പോഴും പാളത്തിൽ കല്ലുകൾ ഇട്ടിരിക്കുന്നത് കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് റെയിൽവേ ലൈനിനടുത്തുള്ള കളിക്കളവും പാളത്തിൽ കല്ലുവെക്കുന്ന കുട്ടികളേയും കണ്ടെത്തിയത്. കളിക്കാനെത്തുന്ന ചില കുട്ടികൾ തമാശക്ക് പാളത്തിൽ കല്ലുകൾ വെച്ചുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
‘വലിയശബ്ദം കേൾക്കാനും പുക ഉയരുന്നതും കാണാൻ’
സിഗ്നൽ കിട്ടി പാളങ്ങൾ യോജിക്കുമ്പോൾ വലിയ ശബ്ദവും പുകയും ഉയരുന്നത് കാണാനാണ് ഇത് ചെയ്തെന്ന് കുട്ടികൾ പറഞ്ഞു. ഇതുമൂലം വലിയ അപകടസാധ്യതയുള്ളതാണെന്നുള്ള വിവരം ഇവർക്കറിയില്ലായിരുന്നു. ചോദ്യംചെയ്യാൻ ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പൊലീസ് ബോധവത്കരണം നൽകി. എ.എസ്.ഐ രാജഗോപാൽ, സി.പി.ഒ ദീപു, ഇന്റലിജിൻസ് സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
രക്ഷിതാക്കൾ ജാഗ്രത പാലിക്കണം -പൊലീസ്
പുനലൂർ: അവധിക്കാലമായതിനാൽ കുട്ടികൾ റെയിൽവേ ലൈനുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതും കളിക്കുന്നതും മറ്റും ജാഗ്രത പാലിക്കണമെന്ന് പുനലൂർ റെയിൽവേ എസ്.എച്ച്.ഒ വി. അനിൽകുമാർ അറിയിച്ചു. പലയിടത്തും പാളത്തോട് ചേർന്ന് കല്ല്, മറ്റ് തടസ്സങ്ങൾ പോലുള്ള കുട്ടികൾ കാട്ടുന്ന കുസൃതിത്തരങ്ങൾ ശ്രദ്ധയിൽപെടുന്നുണ്ട്. ഇത് വലിയ ആപത്തുകൾക്ക് ഇടയാക്കുമെന്നും കുട്ടികളും രക്ഷിതാക്കളും ഇത്തരം കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ പുലർത്തണമെന്നും എസ്.എച്ച്.ഒ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.