പുനലൂർ നഗരസഭയിൽ സംഘർഷം; കൗൺസിലർമാർക്ക് പരിക്ക്
text_fieldsപുനലൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇരുപക്ഷത്തേയും ആറ് കൗൺസിലർമാർക്ക് പരിക്ക്. വനിതകളടക്കം മിക്ക കൗൺസിലർമാർക്കും മർദനമേറ്റു. യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയിൽ സത്യഗ്രഹം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 11ഓടെ കൗൺസിൽ യോഗം ആരംഭിക്കുന്ന സമയത്താണ് പ്രശ്നങ്ങളുടെ തുടക്കം. മുൻ കൗൺസിൽ യോഗങ്ങളിലെ മിനിറ്റ്സ് ഹാജരാക്കിയതിനുശേഷം യോഗം ആരംഭിച്ചാൽ മതിയെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കവാടത്തിനുമുന്നിൽ ഇരുപ്പുറപ്പിച്ചു. 2023 ഏപ്രിൽ മാസം മുതലുള്ള മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ പല അവസരങ്ങളിൽ നേരിട്ടും രേഖാമൂലവും കൗൺസിൽ യോഗത്തിലും ആവശ്യപ്പെട്ടിട്ടും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ഇവർ പറഞ്ഞു.
മനഃപൂർവമായി ക്രമക്കേടുകൾ കാട്ടാനായി മിനിറ്റ്സ് ബുക്കുകൾ മാറ്റിയെന്നും കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യാത്ത വിവരങ്ങളും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് മിനിറ്റ്സ് ബുക്കുകൾ പൂഴ്ത്തി വെച്ചിട്ടുള്ളതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
പ്രതിഷേധ വിവരമറിഞ്ഞെത്തിയ പൊലീസ് യു.ഡി.എഫുകാരെ കവാടത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് ബുക്കുകൾ മോഷണം പോയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പൊലീസിനോട് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ, ചർച്ചചെയ്ത് പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കാമെന്നും നഗരസഭ ചെയർപേഴ്സൺ ബി. സുജാത സമരക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന്, പ്രതിപക്ഷാംഗങ്ങളെ തള്ളിമാറ്റി അകത്തേക്ക് പോകുന്നതിന് ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു. ഈ സമയം പ്രതിപക്ഷ അംഗങ്ങളെ കസ്റ്റഡിയിലെടുക്കുന്നതിനുവേണ്ടി പൊലീസ് ബലപ്രയോഗം നടത്തി.
പൊലീസും കൗൺസിലർമാരും തമ്മിൽ നടത്തിയ പിടിവലിയിൽ വൈസ് ചെയർമാൻ ഡി. ദിനേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ, എൽ.ഡി.എഫിലെ കെ. പുഷ്പലത, യു.ഡി.എഫിലെ എൻ. സുന്ദരേശൻ, ഷെമി അസീസ്, ജ്യോതി സന്തോഷ് എന്നിവർക്ക് പരിക്കേറ്റു.
സംഘർഷത്തിനിടെ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ് അടക്കം പലർക്കും മർദനമേറ്റു. ഇവരുടെ വസ്ത്രങ്ങളും കീറി. ഇതിനിടെ, പ്രതിപക്ഷാംഗങ്ങളെ ചവിട്ടി മറികടന്നുകൊണ്ട് ഹാളിലേക്ക് പ്രവേശിക്കാന് ഭരണകക്ഷി അംഗങ്ങൾ ശ്രമിച്ചു.
ഉന്തിലും തള്ളിലും ചില ഭരണകക്ഷി അംഗങ്ങൾ കൂടി നിലത്ത് വീഴുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പിടിവലിക്കിടയിൽ മറ്റ് കൗൺസിലർമാർക്കും പരിക്ക് പറ്റി. തുടർന്ന്, യു.ഡി.എഫ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റ ചില കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, 15ന് ഡി.പി.സി യോഗം ചേരേണ്ടതിനാൽ അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടിയതിനാൽ യു.ഡി.എഫുകാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്ന് ചെയർപേഴ്സൺ ബി. സുജാത പറഞ്ഞു.
പൊലീസ് സ്റ്റേഷനിലും കൗൺസിലർമാരുടെ പ്രതിഷേധം
പുനലൂർ: കസ്റ്റഡിയിലെടുത്ത യു.ഡി.എഫ് അംഗങ്ങളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ യു.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഏറെ നേരത്തെ വാക്കേറ്റത്തെ തുടർന്ന് അറസ്റ്റിലായവരെ പൊലീസ് വിട്ടയച്ചു.
തുടർന്ന്, പട്ടണത്തിലൂടെ പ്രകടനമായി നഗരസഭ ഓഫിസിലെത്തിയ യു.ഡി.എഫ് അംഗങ്ങൾ നഗരസഭ ഓഫിസിനുള്ളില് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
മനഃപൂർവമായി മിനിറ്റ്സ് ബുക്കുകൾ പൂഴ്ത്തിവെച്ച് ക്രമക്കേടുകൾ കാട്ടുകയായിരുന്നെന്ന് യു.ഡി.എഫ് പാർലമെൻറ് പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർമാരായ എൻ. സുന്ദരേശൻ, എസ്. പൊടിയൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കനകമ്മ, ഷമി എസ്. അസീസ്, എസ്. വിപിൻകുമാർ, എം.പി. റഷീദ് കുട്ടി, നിർമല സത്യൻ ജ്യോതി സന്തോഷ്, സഫീല ഷാജഹാൻ, റംലത്ത് സഫീർ എന്നിവർ ആരോപിച്ചു.
മിനിറ്റ്സ് ബുക്ക് നഗരസഭ ഓഫിസിനുള്ളിലെത്തിയെന്ന് ഉറപ്പാക്കുന്നതുവരെ നഗരസഭ ഓഫിസിനുള്ളിൽ സത്യഗ്രഹം തുടരും. മിനിറ്റ്സ് ബുക്കുകളിൽ ക്രമക്കേട് കാട്ടിയിട്ടുണ്ടെങ്കിൽ നിയമനടപടി അടക്കമുള്ളത് സ്വീകരിക്കുമെന്നും പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് മറ്റ് പരിപാടികൾ നിശ്ചയിക്കുമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.