നെല്ലിപ്പള്ളിയിൽ സംരക്ഷണ ഭിത്തി നിർമാണം അവസാനഘട്ടത്തിൽ
text_fieldsപുനലൂർ: പുനലൂർ-പൊൻകുന്നം സംസ്ഥാന പാതയുടെ (എസ്.എച്ച് 8) ഭാഗമായി നെല്ലിപ്പള്ളിയിൽ കല്ലടയാറിന്റെ തീരത്ത് നിർമാണത്തിലുള്ള ഗാബിയൻ വിത്ത് പാരാഗ്രിഡ് സംരക്ഷണ ഭിത്തി പൂർത്തിയാകുന്നു. സംരക്ഷണഭിത്തിയും അനുബന്ധമായ പാതയും അടുത്ത ദിവസം ടാറിങ് നടത്തുന്നതോടെ മൂന്നുവർഷമായി പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം ഇല്ലാതാകും.
പാത നവീകരണം തുടങ്ങി രണ്ടരവർഷം മുമ്പ് ഇവിടെ നിർമിച്ചിരുന്ന സംരക്ഷണഭിത്തി കഴിഞ്ഞവർഷം മേയിൽ വേനൽ മഴയിൽ ആറ്റിലേക്ക് തകർന്നുവീണത് ഏറെ വിവാദമായിരുന്നു. നിർമാണത്തിലെ അപാകതയായതിനാൽ കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തിൽ പുതിയ സംരക്ഷണഭിത്തി ജനുവരിയിലാണ് നിർമാണം തുടങ്ങിയത്.
ആഴമേഴിയ ആറ്റിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെടുന്ന ഇവിടെ ഇനിയും പാറയോ കോൺക്രീറ്റ് ഭിത്തിയോ നിർമിക്കുന്നത് സുരക്ഷിതമല്ലെന്ന് കെ.എസ്.ടി.പിയുടെ വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് പഴയരീതി ഉപേക്ഷിച്ച് ആധുനിക രീതിയിലുള്ള ഗാബിയൻ വിത്ത് പാരാഗ്രിഡ് സംരക്ഷണഭിത്തി നിർമാണം തുടങ്ങിയത്. 70 മീറ്റർ നീളവും 10 മീറ്ററോളം പൊക്കവും വരുന്നതാണിത്. മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കാൻ ഉദേശിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോകുകയായിരുന്നു.
വെള്ളത്തിന്റെ സാന്നിധ്യവും ഒഴുക്കും സ്ഥിരമായി അനുഭവപ്പെടുന്ന ഭാഗങ്ങളിലാണ് ചെലവേറിയ ഇത്തരം സംരക്ഷണഭിത്തി നിർമിക്കുന്നത്. 70 മീറ്റർ നീളത്തിലും 10 മീറ്റർ ഉയരത്തിലും ഒരുമീറ്റർ വീതിയിലുമാണ് ഇവിടെ പാരാഗ്രിഡ് നിർമിക്കുന്നത്. ആറ്റിലെ കുത്തൊഴുക്ക് സംരക്ഷണ ഭിത്തിയെ ബാധിക്കാതിരിക്കാൻ പാറകൾ അടുക്കിയുള്ള കവചത്തോടുകൂടിയാണിത് നിർമിച്ചത്. തീരത്തും ആറ്റിലേക്കും പാറകൾ നെറ്റിനുള്ളിലാക്കി ഗാബിയൻ രീതിയിൽ അടുക്കി. ഇതിനുശേഷമാണ് റോഡ് വശത്തേക്ക് 10 മീറ്ററിൽ പാറ ഉപയോഗിച്ച് പാരാഗ്രിഡ് സംവിധാനം നിർമിച്ചത്.
പാറ അടുക്കിയുള്ള ഓരോ ലെയറും മണ്ണിട്ട് ഉറപ്പിച്ചാണ് മുകളിലേക്ക് എത്തിയത്. ഇതിനിടയിൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സംരക്ഷണഭിത്തിയിലെ മണ്ണൊലിച്ചു പോകാതിരിക്കാനും ചാക്കിനുള്ളിൽ ചെറുപാറകൾ അടുക്കി (സാക് ഗാബിയൻ) സംരക്ഷണവും പ്രതിരോധം തീർത്തു. കൂടാതെ ഈ ഭാഗത്ത് ആറ്റിന്റെ ഒഴുക്കും ആഴവും കൂടുതലുള്ളതിനാൽ വെള്ളത്തിന്റെ ഭാഗത്തേക്ക് 18 മീറ്റർ നീളത്തിൽ പാറകൾ അടുക്കി വെള്ളത്തിന്റെ ശക്തി കുറയ്ക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് 150 മീറ്ററോളം പാതയുടെ അലൈൻമെന്റ് ക്രമീകരിച്ച് ടാറിങ് പൂർത്തിയാക്കുന്നത്.
ഇതോടെ പുനലൂർമുതൽ പത്തനാപുരംവരെ പാതയുടെ ബാക്കി ടാറിങ് പൂർത്തിയാകും. ഈ പാത രണ്ടാം ഘട്ടമായി പുനലൂർ- കോന്നി 30 കിലോമീറ്റർ ദൂരത്തിൽ 221. 04 കോടി രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.