ഉരുൾപൊട്ടൽ മേഖലയിലെ നിർമാണ പ്രവർത്തനം: നിയന്ത്രണം വേണം -വിദഗ്ധസമിതി
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ അടുത്തിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമുണ്ടായ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദഗ്ധസമിതി. ഇതുസംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പഠനം അടക്കമുള്ള പരിഹാര നിർദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മന്ത്രി കെ. രാജന് പി. എസ്. സുപാൽ എം.എൽ.എ കൈമാറി. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ജില്ല മണ്ണ് സംരക്ഷണ സമിതി ഓഫിസർ കെ.സി. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
കഴിഞ്ഞ നവംബർ നാല്, 11 തീയതികളിലാണ് ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് ഉരുൾപൊട്ടലും മറ്റ്ഭാഗങ്ങളിൽ മണ്ണിടിച്ചിലും അനുഭവപ്പെട്ട് വലിയനാശം നേരിട്ടത്. സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ഉരുൾപൊട്ടലിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചത്. ജില്ല മണ്ണ് സംരക്ഷണം, മൈനർ ഇറിഗേഷൻ, ഭൂഗർഭ ജലവിഭാഗം, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളിലെ വിദഗ്ധർ അടങ്ങുന്നതായിരുന്നു സമിതി. ഇടപ്പാളയം ആശ്രയ കോളനി, തേവർകാട് കോളനി, അരുണോദയം കോളനി, നാല് സെൻറ് കോളനി, മുരുകൻ പാഞ്ചാൽ, അമ്പനാട്, അച്ചൻകോവിൽ, പ്രിയ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്.
പ്രധാന നിർദേശങ്ങൾ:
ജില്ലയുടെ മലയോരമേഖലയുടെ മണ്ണിടച്ചിൽ, അപകടമേഖല സംബന്ധിച്ച് മാപ്പ് തയാറാക്കണം.
ഇടപ്പാളയത്തുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും സിസ്മിക് ആക്ടിവിറ്റി മൂലമാണോ എന്നത് കൂടുതൽ പഠനം നടത്തണം.
അമിതമായ ചരിവുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം നടത്തുന്നതിന് മുമ്പ് എൻജിനീയറിങ് ജിയോളജിസ്റ്റുകളുടെയും ജിയോടെക്നിക്കൽ എൻജിനീയറുടെയും സേവനം ഉറപ്പാക്കണം.
നിലവിൽ ലൈഫ് മിഷൻ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് വെള്ളം ഒഴുകുന്നതിനും ചരിവ് സംരക്ഷണ പ്രവൃത്തികളും ചെയ്യണം.
സ്വഭാവിക നീർച്ചാലിലെ കൈയേറ്റം ഒഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണം.
അകടകരമായ പാറക്കെട്ടുകളിൽ മതിയായ സുരക്ഷ സംവിധാനം ഒരുക്കണം.
ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടാകുമ്പോൾ ഉരുൾപൊട്ടൽ മേഖലയിൽനിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. ഉരുൾപൊട്ടൽ മേഖലയിലെ നിർമിതികൾക്ക് സുരക്ഷസംവിധാനം ഒരുക്കണം.
പരിഹാരങ്ങൾ:
ഭൂമിയുടെ ഉപരിതലത്തിലും തൊട്ടുതാഴെയും വരുന്ന വെള്ളം സുഗമമായി ഒഴുക്കണം.
കേടുപാടുവന്ന കൊണ്ടൂർ ബണ്ടുകൾ ബലപ്പെടുത്തണം.
പുതിയത് ആവശ്യമുള്ളത് നിർമിക്കുകയും ചെയ്താൽ ആശ്രയകോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാം.
എന്നിരുന്നാലും ഈ കോളനി വാസയോഗ്യമല്ല. ഇവിടെ ശാസ്ത്രീയമായി കുടുതൽ പഠനം നടത്തി സുരക്ഷ ഉറപ്പാക്കണം. തേവർകാട് കോളനിയിലെ നീർച്ചാലിലെ കൈയേറ്റം ഒഴിപ്പിച്ച് നീരൊഴുക്ക് നേരെയാക്കണം.
അരുണോദയം കോളനിയിൽ പടിഞ്ഞാറ് ഭാഗത്ത് നിർമിതിക്ക് താഴെ പുതിയ നിർമാണം നടത്തരുത്.
ഇവിടെ പുഴയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഭൂമിയിൽ നിർമാണം നടത്തുന്നതിന് മുമ്പ് ജലം ഒഴുകുന്നതിനും ചരിവ് സംരക്ഷിക്കുന്നതിനും നടപടിവേണം.
ലൈഫ് മിഷനായി മുരുകൻപാഞ്ചാലിൽ കണ്ടെത്തിയ ഭൂമിയിലും ജലനിർഗമനത്തിനും ചരിവ് സംരക്ഷണത്തിനും നടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.