ജനകീയസമരം, കോടതി ഇടപെടൽ: ക്രഷർ യൂനിറ്റിന് പൂട്ടുവീണു
text_fieldsപുനലൂർ: പട്ടണമധ്യേ പവർഹൗസ് വാർഡിൽ ജനവാസ മേഖലയിൽ 33 വർഷമായി പ്രവർത്തിച്ചിരുന്ന ക്രഷർ യൂനിറ്റ് ജനകീയപ്രതിഷേധത്തെ തുടർന്ന് പുനലൂർ നഗരസഭ പൂട്ടിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നെന്നും പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടിയെടുത്തതെന്ന് സ്ഥിരം അധ്യക്ഷകൂടിയായ കൗൺസിലർ പ്രിയ പിള്ള, കർമസമിതി കൺവീനർ ആർ. രാധാകൃഷ്ണൻ നായർ, ജനകീയ വിഷയം ഹൈകോടതിയിൽ എത്തിച്ച അഭിഭാഷകൻ രാഹുൽ രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
നീണ്ടകാലം നടത്തിയ ജനകീയ സമരങ്ങൾ വിജയിക്കാതായതോടെയാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. സ്ഥാപനത്തിന്റെ പ്രവർത്തനംമൂലം സമീപത്തെ വീടുകളിൽ വിള്ളൽ രൂപപ്പെടുകയും പ്രദേശവാസികൾക്ക് ശ്വാസകോശാർബുദം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിൽനിന്ന് പാറ കൊണ്ടുവരുന്ന വാഹനങ്ങളുടെ സഞ്ചാരം മൂലം വെട്ടിപ്പുഴ- ജലധാര, വെട്ടിപ്പുഴ-കുതിരച്ചിറ റോഡുകൾ പൂർണമായി തകർന്നു. തുടക്കത്തിൽ ചെടിച്ചട്ടികളും അനുബന്ധ സാമഗ്രികളും നിർമിക്കുന്നതിനായി തുടങ്ങിയ ചെറുകിട വ്യവസായ യൂനിറ്റ് പ്രവർത്തനശേഷി വർധിപ്പിച്ച് വൻതോതിൽ പാറ പൊടിക്കുന്ന സ്ഥാപനമായി. വെട്ടിപ്പുഴ റസിഡൻസ് അസോസിയേഷന്റെ പിന്തുണയോടെ 2017ൽ പ്രദേശവാസികൾ സംഘടിച്ച് കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി സമർപ്പിച്ചു. ശേഷം, കർമസമിതി രൂപവത്കരിച്ച് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ സ്ഥാപനംമൂലം പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തി. ഇവിടുത്തെ ശബ്ദവും പൊടിപടലങ്ങളും വിദ്യാർഥികളുടെ പഠനത്തെയും ബാധിച്ചു.
നഗരസഭ ലൈസൻസില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തി. നഗരസഭയുടെ വിലക്ക് ലംഘിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത് പൊലീസിന്റെ സഹായത്തോടെ തടഞ്ഞതായി സെക്രട്ടറി എസ്. സുമയ്യാബീവി പറഞ്ഞു.
സ്ഥാപനത്തോട് ചേർന്നാണ് പവർഹൗസ് വാർഡിലെ അംഗൻവാടി പ്രവർത്തിക്കുന്നതെന്നും നിലവിൽ പ്രവർത്തനം നിർത്തി വെച്ചതിലൂടെ നാട്ടുകാർക്ക് ഏറെ ആശ്വാസമായെന്നും കർമസമിതി അംഗങ്ങളായ ബി. പ്രകാശ്, കെ. രാജശേഖരൻ നായർ, വെട്ടിപ്പുഴ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.