കൊല്ലം-ചെേങ്കാട്ട പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് വൈകുന്നു
text_fields
പുനലൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നരവർഷമായി കൊല്ലം-ചെങ്കോട്ട റൂട്ടിൽ നിർത്തിവെച്ചിരിക്കുന്ന പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പാസഞ്ചർ സർവിസുകൾ നടത്താൻ റെയിൽവേ തയാറാവുന്നില്ല. നിലവിൽ നൂറുകണക്കിന് സ്ഥിരംയാത്രക്കാർ പാസഞ്ചർ ട്രെയിനുകളില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുണ്ട്.
കലാലയങ്ങൾ പൂർണമായി തുറക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാവും. ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ, കുന്നിക്കോട്, കൊട്ടാരക്കര തുടങ്ങിയ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികൾ ട്രെയിൻ സർവിസിനെ ആശ്രയിച്ച് വിവിധയിടങ്ങളിൽ പഠനം നടത്തുന്നവരാണ്. കൊല്ലത്തും പരിസരത്തുമുള്ള പ്രൊഫഷനൽ കോളജുകളിലുൾപ്പെടെ നിരവധി വിദ്യാർഥികൾ കിഴക്കൻ മേഖലയിൽ നിന്നും പോയിവരുന്നുണ്ട്. കൂടാതെ ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ കോളജുകളിലും ഇവിടെനിന്ന് ദിവസവും കുട്ടികൾ പോവുന്നു.
നിലവിൽ ഇവർക്ക് സൗകര്യമായ ട്രെയിനുകൾ ഇല്ലാത്തത് കാരണം കെ.എസ്.ആർ.ടി.സി അടക്കം ബസുകളിൽ വലിയ ടിക്കറ്റ് ചാർജ് നൽകിയാണ് യാത്ര. മുമ്പ് ട്രെയിൻ സർവിസിെന ആശ്രയിച്ചുവന്ന സർക്കാർ ജീവനക്കാരും ബുദ്ധിമുട്ടനുഭവിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇവിടെ നിന്നും തമിഴ്നാട്ടിലേക്കും തിരിച്ചും ബസ് സർവിസുകൾ ഇല്ലാത്തതും കിഴക്കൻമേഖലയിലേക്കുള്ള യാത്ര ഇരട്ടിദുരിതമാകുന്നു. വിദ്യാർഥികളടക്കമുള്ളവരുടെ സൗകര്യാർഥം പുനലൂർ നിന്നും കൊല്ലത്തേക്കും തിരിച്ചും ചെങ്കോട്ടയിലേക്കും മറ്റും രാവിലെയും വൈകീട്ടും പാസഞ്ചർ ട്രെയിനുകൾ മുമ്പുണ്ടായിരുന്നു.
യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്ന പാസഞ്ചറുകളാണ് അകാരണമായി നിർത്തിയത്. നിലവിൽ ഈ റൂട്ടിൽ ചുരുക്കമായുള്ള ട്രെയിനുകൾ വിദ്യാർഥികൾക്കടക്കം സ്ഥിരം യാത്രക്കാർക്ക് പ്രയോജനമില്ലാത്ത സമയത്താണ്. ഇവ എക്സ്പ്രസ് ട്രെയിനുകളുമാണ്.
സ്ഥിരം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പാസഞ്ചറുകൾ അടിയന്തരമായി പുനരാരംഭിക്കാൻ ഈ മേഖലയിലെ എം.പിമാർ അടക്കം ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.