വിളക്കുപാറ- തെന്മല ശബരിപാത വികസനം; ആശങ്ക പരിഹരിക്കുമെന്ന് എം.എൽ.എ
text_fieldsപുനലൂർ: വിളക്കുപാറ- തെന്മല ശബരി പാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ഏഴരക്കോടി രൂപ ഉപയോഗിച്ചാണ് പാത നവീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ ഉൾെപ്പടെയുള്ള കാര്യത്തിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യാൻ കൂടിയ അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ വികസനത്തോടൊപ്പം ആളുകളുടെ പുനരധിവാസം കൂടി ഉറപ്പാക്കും. സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നിലവിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന വീടില്ലാത്തവർക്ക് മുൻഗണന നൽകി പദ്ധതി നടപ്പാക്കുന്ന കാര്യം ഉറപ്പുവരുത്തും.
ജനപ്രതിനിധികളും പ്രദേശവാസികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും വ്യാപാരി വ്യവസായി സമിതി അംഗങ്ങളും മുന്നോട്ടു െവച്ച ആശങ്കകൾ പരിഹരിച്ച് മാത്രമേ റോഡ് നിർമാണം നടത്തുകയുള്ളൂ.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ നിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംയുക്തമായി സ്ഥലപരിശോധന നടത്തി ആളുകൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കും.
നിലവിലെ നിർമാണ പ്രവർത്തങ്ങളുടെ റിപ്പോർട്ട് യോഗത്തിന് മുമ്പാകെ പൊതുമരാമത്ത് എ.ഇ. അവതരിപ്പിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, പൊതുമരാമത്ത് എ.എക്സി. അലക്സ്, എ.ഇ. അരവിന്ദ്, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.