പേപ്പർ മിൽ മേഖലയിലെ പട്ടയ വിതരണം: നടപടികൾ പുരോഗമിക്കുന്നു
text_fieldsപുനലൂർ: പുനലൂർ പേപ്പർമിൽ മേഖലയിൽ താമസിക്കുന്ന 753 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന്റെ മുന്നോടിയായി കൈവശക്കാരുടെ രേഖകളുടെ താലൂക്കുതല വെരിഫിക്കേഷൻ പൂർത്തിയായി. പുനലൂർ താലൂക്കിൽ 562 കുടുംബങ്ങളുടെയും പത്തനാപുരത്ത് 191 കുടുംബങ്ങളുടെയും കൈവശരേഖകളാണ് പരിശോധന പൂർത്തിയാക്കിയത്.
മാർച്ചിൽ പട്ടയം നൽകുന്ന നിലയിൽ ഇത് വിശദമായ റിപ്പോർട്ടാക്കി സർവേ, മഹസർ തുടങ്ങിയവ സഹിതം കലക്ടർക്ക് അടുത്ത ദിവസം സമർപ്പിക്കുമെന്ന് പുനലൂർ, പത്തനാപുരം തഹസിൽദാർമാരായ കെ.എസ്. നസിയ, ജാസ്മിൻ ജോർജ് എന്നിവർ പറഞ്ഞു. അവധി ദിവസങ്ങളിലടക്കം താലൂക്ക് ഓഫിസുകളിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് രേഖകളുടെ പരിശോധന പൂർത്തിയാക്കിയത്. ഓരോ കുടുംബത്തിന്റെയും കൈവശമുള്ള ഭൂമി ഇതിനകം മക്കൾക്ക് വീതംവെച്ചതടക്കം പലകൈമാറ്റവും നടന്നിട്ടുണ്ട്. നൂറു വർഷത്തോളം പഴക്കമുള്ള കേസായതിനാൽ കൈവശരേഖകളുടെ പരിശോധന പൂർത്തിയാക്കാൻ അധികൃതർക്ക് വലിയ പ്രയാസം നേരിട്ടു.
എന്നിരുന്നാലും താലൂക്ക് ഓഫിസിലെ പ്രത്യേക സംഘം കോവിഡ് പ്രതിസന്ധിക്കിടെ നിശ്ചിത സമയപരിധിക്കുള്ളിൽ താലൂക്കുതല നടപടി പൂർത്തിയാക്കി. പുനലൂർ വില്ലേജിൽ കാഞ്ഞിരമല, കല്ലുമല, ശാസ്ത്രിതോപ്പ് ഇതിനോട് ചേർന്ന് പത്തനാപുരം താലൂക്കിലെ വിളിക്കുടി വില്ലേജിലെ ഏഴ്, എട്ട് വാർഡുകളിലെ കുടുംബങ്ങൾക്കുമാണ് പട്ടയം ലഭിക്കുന്നത്. പുനലൂർ വില്ലേജിൽ 73.5698 ഏക്കറിനും വിളക്കുടിയിൽ 16.0484 ഹെക്ടർ കൈവശഭൂമിയും പട്ടയം നൽകുന്നതിന് സർക്കാർ മുമ്പ് ഏറ്റെടുത്തിരുന്നു. നിലവിലെ കൈവശക്കാർക്ക് ഉപാധിരഹിത പട്ടയമാണ് ലഭിക്കുന്നത്. ഇതിനായി സർക്കാറിലേക്ക് കുറഞ്ഞ തുക കൈവശക്കാർ ഫീസ് ഒടുക്കേണ്ടിവരും.
ഇവിടുള്ള കൈവശക്കാർക്ക് പട്ടയം നൽകണമെന്ന വർഷങ്ങളായുള്ള ആവശ്യം മൂന്നുവർഷം മുമ്പാണ് സർക്കാർ നടപടികളിലേക്ക് എത്തിയത്. 2020 ആഗസ്റ്റിൽ കൈവശഭൂമിയുടെ സർവേ ആരംഭിച്ചു. ഇതിനിടെ താലൂക്ക് ലാൻഡ് ബോർഡ് ഈ കൈവശഭൂമി മിച്ചഭൂമിയായി സർക്കാറിലേക്ക് ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പട്ടയ നടപടികൾ നീണ്ടുപോകുന്നതിൽ ആക്ഷേപം ഉയർന്നതോടെ പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വേഗത്തിലാക്കി. കഴിഞ്ഞ ജനുവരി നാലിന് റവന്യൂമന്ത്രി കെ. രാജൻ പുനലൂരിലെത്തി മാർച്ചിൽ പട്ടയം നൽകുന്നതിന് നടപടി ത്വരിതപ്പെടുത്താൻ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.