ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് പുനലൂരിൽ തുടക്കം
text_fieldsപുനലൂര്‍: കരവിരുതും വിസ്മയക്കാഴ്ചകളുമൊരുക്കി ജില്ല സ്കൂൾ ശാസ്ത്രോത്സവം തുടങ്ങി. പുനലൂർ ഗവ.എച്ച്.എസ്.എസ്, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് എന്നിവിടങ്ങിൽ നടക്കുന്ന മേളയുടെ ആദ്യദിനത്തില്‍ പ്രവൃത്തി പരിചയം, ഐ.ടി, സാമൂഹികശാസ്ത്രം ഇനങ്ങളിലായിരുന്നു മത്സരം.
ജില്ലയിലെ 12 ഉപജില്ലകളില്‍നിന്ന് 2000 ത്തോളം വിദ്യാർഥികൾ വ്യാഴാഴ്ച പങ്കെടുത്തു. സാമൂഹിക ശാസ്ത്രമേളയിൽ പ്രകൃതി, മനുഷ്യർ, വാനലോകം എന്നിവയിലേക്ക് മിഴി തുറക്കുന്ന വ്യത്യസ്തമായ ഇനങ്ങൾ കുട്ടികളുടെ ശാസ്ത്ര ബോധത്തിനും നിരീക്ഷണത്തിനും തെളിവായി.
സെന്റ് ഗൊരേറ്റി സ്കൂളിന്റെ നടുത്തളത്തില്‍ പ്രവൃത്തി പരിചയ മത്സരത്തിന്റെ ഭാഗമായി പൂക്കളുടെ നിര്‍മാണം, പാവ നിര്‍മാണം എന്നിവയാണ് ഒരുക്കിയിരുന്നത്. വിവിധ നിറത്തിലുള്ള വര്‍ണക്കടലാസുകള്‍ കൊണ്ട് കുട്ടികള്‍ മനോഹരമായാണ് പൂക്കള്‍ നിര്‍മിച്ചത്.
ക്ലേ മോഡലിങ്, ഗൃഹോപകരണ നിര്‍മാണം, പാചകമത്സരം, മുള ഉല്പന്നങ്ങളുടെ നിർമാണം, നെറ്റ് നിര്‍മാണം, കുട നിര്‍മാണം, പനയോല കൊണ്ടുള്ള ഉല്പന്നങ്ങള്, ചവിട്ടി നിർമാണം, ത്രെഡ് പാറ്റേണുകള്‍, ചന്ദനത്തിരി നിര്‍മാണം, ചോക്ക് നിര്‍മാണം എന്നിങ്ങനെ മത്സരങ്ങള്‍ നടന്നു.
കൊത്തുപണിയിലും ഗൃഹോപകരണനിര്മാണത്തിലും പെണ്‍കുട്ടികളും പങ്കാളികളായി. പാചകമത്സരത്തില്‍ ആണ്സാന്നിധ്യവും ശ്രദ്ധേയമായി. കൃത്യമായി പരിശീലനത്തിലൂടെ കുട്ടികള്‍ വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. വെള്ളിയാഴ്ച ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും.
ശാസ്ത്രോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി. സുജാത അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷ കെ. കനകമ്മ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, വാർഡ് കൗൺസിലർ നിമ്മി എബ്രാഹം, ഒ.എസ്. ചിത്ര, ഡി. മിനി, അജയകുമാർ, പി. ജയഹരി, റോയി എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ഡി. ദിനേശൻ അധ്യക്ഷതവഹിക്കും.
ജില്ല ശാസ്ത്രോത്സവം: കരുനാഗപ്പള്ളി ഉപജില്ല മുന്നിൽ
പുനലൂർ: ജില്ല ശാസ്ത്രോത്സവത്തിൽ ആദ്യ ദിനം പൂർത്തിയായപ്പോൾ 258 പോയന്റോടെ കരുനാഗപ്പള്ളി ഉപജില്ല മുന്നിൽ. ആതിഥേയരായ പുനലൂർ ഉപജില്ലയാണ് 242 പോയന്റോടെ രണ്ടാമത്. 240 പോയന്റുമായി കുണ്ടറ ഉപജില്ല തൊട്ടുപിന്നിലുണ്ട്. സ്കൂളുകളിൽ കൊട്ടാരക്കര ഗവ.വി.എച്ച്.എസ് ആൻഡ് ബോയ്സ് എച്ച്.എസ് 77 പോയന്റോടെ മുന്നിലാണ്. പുത്തൂർ ഗവ.എച്ച്.എസ്.എസ് (74 പോയന്റ്), ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ് (64 പോയന്റ്) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
സയൻസ് ഫെയർ, മാത്തമാറ്റിക്സ് ഫെയർ, പ്രവർത്തന പരിചയമേള, ഐ.ടി എന്നീ ഇനങ്ങളിൽ 153 ഇനങ്ങളിൽ 109 ഇനങ്ങളിലാണ് വ്യാഴാഴ്ച മത്സരം നടന്നത്.
കൊത്തുപണിയില്‍ ഏക പെണ്തരി
പുനലൂര്‍: ജില്ല ശാസ്ത്രോത്സവത്തിൽ തടിയിലെ കൊത്തുപണിയില്‍ പങ്കെടുത്ത മത്സരാര്ഥികളില് ഏക പെണ്‍കുട്ടിയായി മാലൂര്‍ എം.ടി.ടി.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ബി.ആര്. അശ്വിനി. അച്ഛനാണ് കൊത്തുപണിയില്‍ ഗുരു. കുളക്കട ഉപജില്ല മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ജില്ലയിലേക്കെത്തിയത്. പിറവന്തൂര്‍ കറവൂര്‍ കുറുന്തമണ്‍ അശ്വതി ഭവനത്തില്‍ ബിനുകുമാര്‍-രാജി ദമ്പതികളുടെ മകളാണ്.
യു.പി തലം മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ‘മാന്‍’ എന്ന വിഷയത്തിലായിരുന്നു ജില്ലതല മത്സരം. തടികൊണ്ടുള്ള ഫര്‍ണിച്ചര്‍ നിർമാണം, കൊത്തുപണി എന്നിവയില്‍ കൂടുതലും പങ്കെടുക്കുന്നത് ആണ്‍കുട്ടികളാകും. അപൂര്‍വമായാണ് പെണ്കുട്ടികളെത്തുക.
ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെ
പുനലൂർ: ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയുടെ പതിറ്റാണ്ടിന്റെ ചരിത്രം പറയുന്ന റോക്കറ്റുകളുടേയും ചന്ദ്രയാന്റെയും വിശേഷണങ്ങളുമായി വിദ്യാർഥികൾ. ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിൽ ഇന്ത്യയും ബഹിരാകാശ ശാസ്ത്രവും എന്നതിനെ ആസ്പദമാക്കിയുള്ള മത്സരത്തിലാണിത്.
ആദ്യത്തെ റോക്കറ്റ് ആര്യഭട്ട മുതൽ ചന്ദ്രയാൻ-മൂന്ന് വരെ കുട്ടികൾ ഒരുക്കി. സൗരയൂഥം, സോളാർ സിസ്റ്റം, ഒരു നദിയുടെ ഉത്ഭവം മുതൽ അവസാനിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന മോഡലുകളും പ്രദർശിപ്പിച്ചു.
തഴയ്ക്കും കളിമണ്ണിനും ക്ഷാമം
പുനലൂര്‍: ശാസ്ത്രോത്സവത്തിലെ മത്സരങ്ങൾക്കായി കുട്ടികൾ തഴ, കളിമണ്ണ് എന്നിവ വലിയ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതി. പഴയകാലത്ത് നാട്ടിൽ സുലഭമായി ഉണ്ടായിരുന്ന തഴയും കളിമണ്ണുമെല്ലാം അപ്രത്യക്ഷമായതാണ് കാരണം.
പ്രവൃത്തിപരിചയമേളയുടെ ഭാഗമായി തഴയും കളിമണ്ണും വിൽക്കുവാനായി പ്രത്യേകം സ്റ്റാൾ ഉണ്ടായിരുന്നു. കരുനാഗപ്പള്ളി, തഴവ തുടങ്ങിയ മേഖലകളിൽ സുലഭമായി ലഭിച്ചിരുന്ന തഴയിപ്പോൾ ലഭിക്കണമെങ്കിൽ ഒരു കെട്ടിന് നാനൂറിലധികം രൂപ നൽകണം. മിക്ക കുട്ടികളും ശർക്കരയോ ഉണക്കമീനോ കൊണ്ടുവരുന്ന തഴക്കൂടകൾ വാങ്ങി കെട്ടഴിച്ച് ശുചീകരിച്ചാണ് ഉപയോഗിക്കുന്നത്. ഇത് പല വലുപ്പം ആയതിനാല്‍തന്നെ നിര്‍മാണവും ബുദ്ധിമുട്ടിലാണ്.
കളിമണ്ണിന്റെ അവസ്ഥയും വിഭിന്നമല്ല. ഒരു കിലോ കളിമണ്ണിന് 250 രൂപയാണ് വില. മത്സരത്തിനാവശ്യമായ അസംസ്കൃതവസ്തുക്കൾ മത്സരാർഥികൾതന്നെ കൊണ്ടുവരണമെന്നാണ് നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.