കിഴക്കൻ മേഖല വരൾച്ചയിലേക്ക്
text_fieldsപുനലൂർ: കിഴക്കൻ മലയോരമേഖല രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഒരുമാസമായി കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറുകളിലടക്കം വെള്ളം കുറഞ്ഞു.
കുടിവെള്ള പദ്ധതികൾ നിരവധിയുണ്ടെങ്കിലും പലയിടത്തും റോഡ് പണി നടക്കുന്നതിനാൽ ഇതിനോട് അനുബന്ധിച്ച പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ല.
എന്നാൽ, ഇവിടങ്ങളിൽ വെള്ളമെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങൾ കാര്യമായ നടപടിയിലേക്ക് കടന്നിട്ടില്ല. മലയോരത്തും തോട്ടം മേഖലയിലുമാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ അടക്കം വെള്ളം എത്തുന്നില്ല.
ജലജീവൻമിഷൻ, സ്വജൽധാര പദ്ധതി പ്രകാരം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറു കുടിവെള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രയോജനമാകുന്നില്ല. മലയോര മേഖലയിൽ തോടുകളിലും നീരുറവകളെയും ആശ്രയിച്ചാണ് ജനങ്ങൾ ജലക്ഷാമം പരിഹരിക്കുന്നത്. തോടിനുസമീപത്ത് താൽക്കാലിക കുളങ്ങൾ നിർമിച്ച് ഇതിൽ നിന്നാണ് പാചകത്തിനടക്കം വെള്ളം ശേഖരിക്കുന്നത്. എസ്റ്റേറ്റ് ലയങ്ങളിലും ഈ മേഖലയിലെ ഒറ്റപ്പെട്ട കോളനികളിലും ജലക്ഷാമം നേരിടുന്നു.
അരുതേ ദുരുപയോഗം
- കടുത്ത ജലക്ഷാമം നേരിടുമ്പോഴും ജലത്തിന്റെ ദുരുപയോഗം വ്യാപകമാണ്. ജല അതോറിറ്റി പെപ്പുകൾ വഴി വരുന്ന വെള്ളം കൃഷിയാവശ്യങ്ങൾ പോലുള്ളതിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
- പൈപ്പ് വെള്ളം കിണറുകളിലേക്ക് തുറന്നുവിടരുത്. കിണറിൽ വെള്ളം കൂടില്ലെന്നുമാത്രമല്ല, പാഴാകുകയും ചെയ്യും.
- വേനൽകാലത്ത് വാഹനങ്ങൾ കഴുകുന്നത് കുറക്കാം. വാഹനം കഴുകാൻ പൈപ്പ് വെള്ളം ഒരിക്കലും ഉപയോഗിക്കരുത്.
- തെങ്ങിന്റെ ചുവട്ടിലും വാഴക്കുമൊക്കെ പൈപ്പ് വെള്ളം തുറന്നുവിടാൻ പാടില്ല
- നിർമാണപ്രവർത്തനങ്ങൾക്ക് പൈപ്പ് വെള്ളം ഉപയോഗിക്കരുത്
- കുടിവെള്ളത്തിന്റെ ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ ജലഅതോറിറ്റിയുടെ 1916 ടോൾഫ്രീ നമ്പറിൽ അറിയിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.