ആകർഷമാകും, കിഴക്കൻമേഖലയിലെ വിനോദസഞ്ചാരം
text_fieldsപുനലൂർ: കിഴക്കൻ മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആകർഷകമാക്കുന്നതിന് തെന്മല ഇക്കോ ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഫെസ്റ്റ് സംഘടിപ്പിക്കാൻ പി.എസ്. സുപാൽ എം.എൽ.എ നിർദേശം നൽകി. ടൂറിസം സാധ്യത പരിശോധിച്ച് പുനലൂരിലെ ഗേറ്റ് വേ എന്ന നിലയിൽ സംയുക്ത പദ്ധതി ആവിഷ്കരിക്കും. നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളുടെ വികസനം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അവലോകന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
ടൂറിസത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന നിലയിലായിരിക്കും പദ്ധതി തയ്യാറാക്കേണ്ടത്. നിലവിൽ സംസ്ഥാന സർക്കാരിന്റെ ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ ഉൾപ്പെട്ട തെന്മലയെ അതിന്റെ സാധ്യത കൂടി ഉപയോഗിച്ച് ഇക്കോഫെസ്റ്റ് നടത്തും. ഇക്കോ ടൂറിസം, കല്ലട ഇറിഗേഷൻ പ്രൊജക്ട്, മേജർ ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായി ഈ വർഷം തന്നെ ഫെസ്റ്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം. മന്ത്രിയുടെയും ഗവ. സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് പദ്ധതിക്ക് അംഗീകാരം വാങ്ങി ഫെസ്റ്റിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും. നിലവിൽ ഇക്കോ ടൂറിസത്തിൽ പ്രവർത്തിക്കുന്ന ഡാൻസിങ് ഫൗണ്ടേഷൻ വിപുലീകരണത്തിനായി 1.82 കോടി രൂപയും പുതിയതായി 7ഡി തിയേറ്റർ സ്ഥാപിക്കാൻ 2.66 കോടി രൂപയും അനുവദിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ഇക്കോടൂറിസം ഡയറക്ടർക്ക് നിർദേശം നൽകി.
ടൂറിസം പ്രോഗ്രാമുകളുടെ വിപുലീകരണത്തിനായി വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. നിലവിൽ അനുവദിച്ച തുകയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. നിലവിൽ ഇക്കോടൂറിസത്തിൽ ഒരു വർഷം ഏകദേശം 60,000 ത്തോളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. നവീകരണം നടത്തിയാൽ ഇത് ഇരിട്ടിയിലേക്ക് വർധിപ്പിക്കാനാകും.
ഒറ്റക്കൽലുക്ക് ഔട്ടിന് 2.70 കോടിയും ഡാം വികസനത്തതിനായി 4.39 കോടിയുടെയും പദ്ധതി തയാറാക്കി സമർപ്പിച്ചതായി കെ.ഐ.പി അധികൃതർ അറിയിച്ചു. ഒറ്റക്കല്ലിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യത മെച്ചപ്പെടുത്തുന്നതിനും പ്രവേശനകവാടം മോടിപിടിപ്പിക്കൽ, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിനും ചിൽഡ്രൻസ് പാർക്ക്, കുട്ടികൾക്കുള്ള പൂന്തോട്ടം, ടോയ്ലറ്റ് സൗകര്യം, നദിക്കരികിലൂടെ ഫെൻസിങ് ലൈറ്റിങ് ഉൾപ്പെടെ നടപ്പാത സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നാടുകാണി കുന്നിൽ ചുറ്റുമുള്ള പ്രദേശത്ത് നടപ്പാത, സ്നാക്സ് ബാർ, ടോയ് ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനും ചിൽഡ്രൻസ് പ്ലേ ഏരിയ, വെൽക്കം ഫൗണ്ടൻ, റിസർവോയറിലൂടെ ഉള്ള ബോട്ടിങ് എന്നിവയും ടൂറിസ്റ്റുകളെ ഡാമിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഡാം ടോപ്പിൽ എത്തിക്കുന്നതിനുള്ള ഇക്ട്രിക് മിനിബസ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുമുള്ള പദ്ധതിയാണ് തയാറാക്കുന്നത്.
ഇക്കോ ടൂറിസം ഡയറക്ടർ എ.കെ. രാജു, ഡി.ടി.പി. സി ഡെപ്യൂട്ടി ഡയറക്ടർ പ്രമീള, പുനലൂർ ഡി.എഫ്.ഒ ജയശങ്കർ, വൈൽഡ് ലൈഫ് വാർഡൻ ജീവൻലാൽ, ടെപ്സ് കോഓഡിനേറ്റർ സന്തോഷ്, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.