പുനലൂർ- ചെങ്കോട്ട ലൈനിലെ വൈദ്യുതീകരണം: ട്രയൽ റൺ ഇന്ന്
text_fieldsപുനലൂർ: പുനലൂർ- ചെങ്കോട്ട റെയിൽവേ ലൈനിൽ വൈദ്യുതീകരണം പൂർത്തിയായ റീച്ചുകളിൽ ബുധനാഴ്ച ട്രയൽ റൺ നടത്തും. ചെങ്കോട്ട- ഭഗവതിപുരം, ഇടമൺ- പുനലൂർ എന്നീ റീച്ചുകളിലാണ് ബുധനാഴ്ച പരിശോധന നടത്തുന്നത്. രാവിലെ 8.5ന് വിരുദുനഗറിൽനിന്ന് ചെങ്കോട്ടവരെ പരിശോധന നടക്കും. തുടർന്ന് ചെങ്കോട്ടയിൽനിന്ന് ഭഗവതിപുരം വരെയും ഇടമണ്ണിനും പുനലൂരിനും ഇടയിൽ പരിശോധന നടക്കും.
വൈദ്യുതീകരണ വിഭാഗത്തിന്റെ ചെന്നൈ മേഖല മേധാവി എ.കെ. സിദ്ധാർഥ്, മധുര ഡിവിഷൻ മാനേജർ പി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞ ജൂണിലാണ് പുനലൂർ- ചെങ്കോട്ട ലൈൻ വൈദ്യുതീകരണം ആരംഭിച്ചത്. 61.32 കോടി രൂപ ഇതിനായി അനുവദിച്ചു. അടുത്ത ജൂണിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
ഇടമണ്ണിനും ഭഗവതിപുരത്തിനും ഇടയിലുള്ള പൂർണമായും ഗാട്ട് സെക്ഷനിൽ വരുന്ന തെന്മല, ആര്യങ്കാവ് ഭാഗത്ത് 25 കിലോമീറ്ററോളം ദൂരം ജോലികൾ പൂർത്തിയാകാനുണ്ട്. പോസ്റ്റുകൾ പൂർണമായി സ്ഥാപിച്ചെങ്കിലും ലൈൻ വലിക്കാനുള്ള ജോലികൾ നടത്തേണ്ടതുണ്ട്. ഇതുകൂടി പൂർത്തിയായാൽ കൊല്ലം- ചെങ്കോട്ട ലൈൻ പൂർണമായും വൈദ്യുതീകരണത്തിലാകും.
കഴിഞ്ഞ ഏപ്രിലിൽ പുനലൂർ- കൊല്ലം ലൈൻ വൈദ്യുതീകരണം പൂർത്തിയാക്കി പുനലൂർ- കന്യാകുമാരി ട്രെയിൻ ഓടിക്കുന്നുണ്ട്. ചെങ്കോട്ടവരെയുള്ള ലൈനുകളും പൂർണമായി വൈദ്യുതീകരണമാകുന്നതോടെ നിലവിലുള്ള ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂടും. കൂടാതെ വിനോദസഞ്ചാരത്തിന് സഹായിക്കുന്ന വിസ്റ്റോഡാം കോച്ചുകളും ഇതുവഴി സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.