ആനയുടെ ആക്രമണം: എസ്റ്റേറ്റ് മാനേജറെ തൊഴിലാളികൾ തടഞ്ഞുവെച്ചു
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അരണ്ടൽ ടി.ആർ ആൻഡ് ടി കമ്പനി മാനേജറെ സംയുക്ത യൂനിയൻ തൊഴിലാളികൾ മൂന്നു മണിക്കൂറോളം തടഞ്ഞുവെച്ചു. കഴിഞ്ഞദിവസം ജോലിക്കിടെ കാട്ടാനയുടെ കുത്തേറ്റ സോപാലിന് വേണ്ട സംരക്ഷണം നൽകാനും എസ്റ്റേറ്റുകളിലെ കാട് നീക്കി സുരക്ഷിതത്വം ഉറപ്പാക്കാനും മാനേജ്മെൻറ് തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ മാനേജറെ തടഞ്ഞുവെച്ചത്.
അമ്പനാട് എസ്റ്റേറ്റ് ഓഫിസിൽ നടന്ന സമരത്തിൽ എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളികൾ പങ്കെടുത്തു. മാനേജ്മെന്റ് പ്രതിനിധികളും യൂനിയൻ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷം സമരം അവസാനിപ്പിച്ചു. ആനയുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സോപാലിനെ സഹായിക്കാൻ അമ്പനാട് എസ്റ്റേറ്റ് കമ്പനി ജീവനക്കാരനെ ആശുപത്രിയിൽ നിയമിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
സോപാലിന്റെ ചികിത്സ ചെലവുകൾ കമ്പനി വഹിക്കും. തൊഴിലാളികൾക്ക് ഭീഷണിയായ തേയില തോട്ടത്തിലെ കാടുകൾ 10 ദിവസത്തിനകം നീക്കാനും തീരുമാനമായി. വന്യജീവികളുടെ ആക്രമണം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ തിങ്കളാഴ്ച തെന്മല ഡി.എഫ് ഓഫിസ് ഉപരോധിക്കുമെന്നും നേതാക്കൾ അറിയിച്ചു. യൂനിയൻ നേതാക്കളായ സി. അജയപ്രസാദ്, എസ്. നവമണി, ടോമിച്ചൻ, മനോജ്, പി. രാജു, ആർ. പ്രദീപ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അക്രമി ആന കാടുകയറിയില്ല; ജോലിക്കിറങ്ങാതെ തൊഴിലാളികൾ
പുനലൂർ: ആര്യങ്കാവ് അരണ്ടൽ എസ്റ്റേറ്റ് തൊഴിലാളി സോപാലിനെ ആക്രമിച്ച ആന രണ്ടാം ദിവസവും കാട് കയറിയില്ല. ആനയുടെ ആക്രമണം ഭയന്ന് വെള്ളിയാഴ്ചയും തേയില തോട്ടം തൊഴിലാളികൾ ജോലിക്കിറങ്ങിയില്ല. അതേസമയം ആനയെ കാടുകയറ്റി തൊഴിലാളികളുടെ ഭയം മാറ്റാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ശ്രമവുമില്ല.
വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സോപാലിനെ 14 ഡിവിഷനിൽ വാട്ടർ ടാങ്കിന് സമീപം ഒറ്റയാൻ ആക്രമിച്ചത്. സോപാലിനെ തുമ്പിക്കൈയിൽ എടുത്തോടിയ ആന ഇറക്കമായതിനാൽ കൂറ്റൻ കല്ലിൽ തട്ടി വീഴാൻ പോയതോടെ സോപാൽ ദൂരേക്ക് തെറിച്ചുവീണ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
സോപാലിനൊപ്പം ഉണ്ടായിരുന്ന അലക്സാണ്ടർ എന്ന തൊഴിലാളി ആനയെ കണ്ട് മറ്റൊരു വഴിയിലൂടെ ഓടിയതിനാൽ രക്ഷപ്പെട്ടു. ആന 14 ഡിവിഷനിലെ തേയിലക്കാട്ടിൽ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയാണ്. അവസരം കിട്ടിയാൽ ഇനിയും ഇറങ്ങിവന്ന് ആളുകളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് വനപാലകർ പറയുന്നത്.
ആന മൂന്നുദിവസം വരെ ഈ സ്ഥലത്ത് കാണുമെന്നും തൊഴിലാളികൾ ജോലിക്ക് പോകരുതെന്നും വനം അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്തകാലത്തൊന്നും വൃത്തിയാക്കാത്തതിനാൽ തേയിലത്തോട്ടം മുഴുവൻ കാട് മൂടിക്കിടക്കുകയാണ്. ഇതിനുള്ളിലാണ് എസ്റ്റേറ്റിനോട് ചേർന്ന വനത്തിൽനിന്ന് ആനയും പുലിയും ഇറങ്ങി നിൽക്കുന്നത്. ആനയെ കാടുകയറ്റാൻ വനം വകുപ്പിന്റെ ദ്രുതകർമസേന സ്ഥലത്തേക്ക് തിരിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരംവരെ അരണ്ടലിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.