താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം
text_fieldsപുനലൂർ: പുനലൂർ താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനകൂല്യം ലഭ്യമാക്കാൻ നടപടി. ചൊവ്വാഴ്ച നടന്ന ആശുപത്രി മാനേജ്മെന്റ് സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ ആശുപത്രിയിലെ 368 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇ.എസ്.ഐ കോർപറേഷനിൽ ജീവനക്കാർ അവരുടെ വിഹിതം അടക്കുന്നതിനൊപ്പം ബാക്കി തുക എച്ച്.എം.സി ഒടുക്കും. ഇതിനായി ഒന്നരലക്ഷത്തോളം രൂപ മാസംതോറും എച്ച്.എം.സി കണ്ടെത്തണം.
താൽക്കാലിക ജീവനക്കാരിൽ ഭൂരിഭാഗവും വളരെ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രസവാനുകൂല്യം ഉൾപ്പെടെ ഇനിമുതൽ ലഭ്യമാകും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എസ്. സുഭഗൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വസന്ത രഞ്ചൻ, ഡി. ദിനേശൻ, അംഗങ്ങളായ നെൽസൺ സെബാസ്റ്റ്യൻ, എം.എം. ജലീൽ, സി. വിജയകുമാർ, ഷൈൻ ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.