മുരുകൻപാഞ്ചാൽ; പണം അനുവദിച്ചിട്ടും കുഴി അടയ്ക്കുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsപുനലൂർ: അടിയന്തര അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ച് ഒരുമാസം കഴിഞ്ഞിട്ടും ദേശീയപാതയിലെ മുരുകൻപാഞ്ചാൽ, കഴുതുരുട്ടി പാലങ്ങളോട് ചേർന്ന കുഴിയടക്കാൻ നടപടിയില്ല. ഇതുവഴിയുള്ള ഇതരസംസ്ഥാന അയ്യപ്പഭക്തരടക്കം യാത്രക്കാർ ബുദ്ധിമുട്ടുന്നു. ആറുമാസമായി തകർന്നുകിടന്ന അന്തർസംസ്ഥാനപാതയിലെ മുരുകൻപാഞ്ചാൽ, കഴുതുരുട്ടി ഭാഗത്ത് അപകടാവസ്ഥയും ശബരിമല സീസണും കണക്കിലെടുത്താണ് അടിയന്തര അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി 27.70 ലക്ഷം രൂപ കഴിഞ്ഞ മാസം ആദ്യത്തിൽ അനുവദിച്ചത്.
നിലവിലുള്ള കരാറുകാരെകൊണ്ട് ഉടൻ പണി പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എയും അറിയിച്ചിരുന്നു. കലക്ടറേറ്റിൽ എം.എൽ.എ, കലക്ടർ തുടങ്ങിയവർ പങ്കെടുത്ത അധികൃതരുടെ യോഗത്തിലും അറ്റകുറ്റപ്പണി ഉടൻ തുടങ്ങുമെന്ന് പാത അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ ശബരിമല സീസൺ തുടങ്ങി മൂന്നാഴ്ചയായിട്ടും പണി ആരംഭിച്ചിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ മറുപടിക്ക് ദേശീയപാത അധികൃതരും തയാറാകുന്നില്ല.
ഇരുപാലങ്ങളോടും ചേർന്ന് വലിയ കുഴികൾ ഉണ്ടായതിനൊപ്പം പാതയും പൂർണമായി തകർന്നുകിടക്കുകയാണ്. പ്രതിഷേധസൂചകമായി ചില സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ താൽക്കാലിക കുഴിയടച്ചെങ്കിലും ഫലമുണ്ടായില്ല.
പാറകളും മറ്റും നിരത്തി കുഴിയടച്ചതോടെ മഴയാകുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നു. മുരുകൻപാഞ്ചാലിൽ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിച്ചതിലെ അപാകതയാണ് ഇവിടെ തകരാൻ പ്രധാന കാരണം. ഇനി ഈ ഭാഗത്ത് മണ്ണിട്ട് ഉയർത്തി ഉറപ്പിച്ച് വേണം ടാർ ചെയ്യേണ്ടത്. ചരക്കുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ഈ ഭാഗത്ത് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.