ആര്യങ്കാവിൽ റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ ശ്രമം
text_fieldsപുനലൂർ: പുനലൂർ- ചെങ്കോട്ട റെയിൽവേ ലൈനിന്റെ വശത്തായി വർഷങ്ങളായി താമസിക്കുന്ന ആര്യങ്കാവിലെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ റെയിൽവേ നടപടി തുടങ്ങി. ഇതിനെതിരെ പൊതുപ്രവർത്തകർ രംഗത്ത് വന്നതോടെ റെയിൽവേ അധികൃതരുമായി വാക്കേറ്റവുമുണ്ടായി. ഒഴിപ്പിക്കലിന്റെ ഭാഗമായി ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന പത്ത് കുടുംബങ്ങൾക്ക് ബുധനാഴ്ച റെയിൽവേ അധികൃതർ നോട്ടീസ് നൽകി.
എതിർപ്പ് കണക്കിലെടുത്ത് ആർ.പി.എഫ് തെന്മല പൊലീസ് എന്നിവരുടെ വൻസാന്നിധ്യത്തിലാണ് റെയിൽവേ അധികൃതർ എത്തിയത്. ഭൂമിയുടെ ഉടമാവകാശം തെളിയിക്കുന്ന രേഖകൾ 15 ദിവസത്തിനകം മധുര ഡിവിഷൻ ഓഫിസിൽ ഹാജരാക്കണമെന്നാണ് നോട്ടീസ്.
നോട്ടീസ് ലഭിച്ച പലരും ഒറ്റക്കു താമസിക്കുന്ന വയോധികരും വനിതകളുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മധുരയിലെത്തി രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന് ഇവർ പറഞ്ഞെങ്കിലും റെയിൽവേ അധികൃതർ പിന്മാറിയില്ല. വളരെ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെ നിരുപാധികം ഒഴിപ്പിക്കുന്നതിനെതിരെ നേതാക്കളായ മാമ്പഴത്തറ സലീം, അഡ്വ.പി.ബി. അനിൽമോൻ, ആർ. പ്രദീപ്, ഐ. മൻസൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആളുകൾ രംഗത്തുവന്നു. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് എം.എൽ.എയുടെ സാന്നിധ്യത്തിൽ റെയിർവേ ഉന്നത അധികൃതരുമായി ചർച്ച നടത്തിയതിന് ശേഷം നോട്ടീസ് കൊടുത്താൽ മതിയെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.