തെന്മലയിലും ഓൾഡ് ആര്യങ്കാവിലും എക്സ്പ്രസുകൾക്ക് സ്റ്റോപ് വേണമന്ന്
text_fieldsപുനലൂർ: തെന്മല, ഓൾഡ് ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകളിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യമുയരുന്നു. സ്റ്റോപ്പില്ലാത്തത് കാരണം ഇടമൺ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരേയും കൊട്ടാരക്കര താലൂക്കിന്റെ കിഴക്കൻ മേഖലയിലും തിരുവനന്തപുരം ജില്ലയിലെ മടത്തറ തുടങ്ങിയ മേഖലകളിലെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കുരുമുളക്, ഇഞ്ചി തുടങ്ങിയ മലഞ്ചരക്ക് വ്യാപാരികളെയും പ്രയാസപ്പെടുത്തുന്നു.
തെന്മല ഇക്കോ ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്കും ഇവിടെ സ്റ്റോപ്പില്ലാത്തത് തിരിച്ചടിയാണ്. മുമ്പ് മീറ്റർ ഗേജ് ആയിരുന്നു. പിന്നീട് ബ്രോഡ്ഗേജായി. കോവിഡിന് മുമ്പ് വരെ ഇത് വഴിയുള്ള എല്ലാ എക്സ്പ്രസുകൾക്കും തെന്മലയിലും ഓൾഡ് ആര്യങ്കാവിലും സ്റ്റോപ്പുണ്ടായിരുന്നു.
കോവിഡ് തുടക്കത്തിൽ സ്റ്റോപ് റദ്ദാക്കിയത് ഇത് വരെ പുനഃസ്ഥാപിച്ചില്ല. കൊല്ലം- ചെങ്കോട്ട പാസഞ്ചറിന് മാത്രമാണ് തെന്മല അടക്കം കിഴക്കൻ മേഖലയിലെ സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ളത്. ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ന്യൂ ആര്യങ്കാവ്, ഓൾഡ് ആര്യങ്കാവ്, ഭഗവതിപുരം എന്നിവയാണ് സ്റ്റേഷനുകൾ. പുനലൂർ കഴിഞ്ഞാൽ 42 കിലോമീറ്റർ അകലെയുള്ള ചെങ്കോട്ടയിലാണ് പിന്നീട് എക്സ്പ്രസുകൾക്ക് സ്റ്റോപ്പുള്ളൂ.
കൊല്ലം-ചെങ്കോട്ട റൂട്ടിൽ തിരുനെൽവേലി-പാലക്കാട് പാലരുവി, കൊല്ലം-എഗ്മോർ എന്നീ എക്സ്പ്രസ് ട്രെയിനുകളാണ് സർവിസ് നടത്തുന്നത്. പുനലൂരിലും ചെങ്കോട്ടക്കുമിടയിൽ എട്ട് റെയിൽവേ സ്റ്റേഷനുകളുണ്ട്. പാലരുവി എക്സ്പ്രസിന് തെന്മലയിലും ന്യൂ ആര്യങ്കാവിലും മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ പുനലൂരും ചെങ്കോട്ടയും മാത്രമാക്കി സ്റ്റോപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.