വ്യാജ സര്‍ട്ടിഫിക്കറ്റ്: സേവ കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ കസ്റ്റഡിയില്‍
text_fieldsപുനലൂര്‍: ക്ഷേമ പെന്‍ഷന്‍ നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് തയാറാക്കിക്കൊടുത്ത ജനസേവ കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ഓപറേറ്ററെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എരിച്ചിക്കല്‍ സ്വദേശിനി ആരതിയാണ് (35) പിടിയിലായത്. മണിയാര്‍ പൊരീയ്ക്കലുള്ള കമ്പ്യൂട്ടര്‍ സേവകേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ഓപറേറ്ററാണ്. സെന്റര്‍ മൂന്നുദിവസം മുമ്പ് പൊലീസ് സീല്‍ ചെയ്തിരുന്നു.
ഇവിടെനിന്ന് ഇരുപതോളം വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയതായി ഇവര്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം ആരതിയെ വിട്ടയച്ചു. 29 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുള്ളതിനാല്‍ അതിനുശേഷം മറ്റ് നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പുനലൂര്‍ നഗരസഭയില്‍ മണിയാര്‍ ഭാഗത്തുള്ള നാലുപേര്‍ നല്‍കിയ അപേക്ഷക്കൊപ്പമാണ് നാല് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പുനലൂര്‍ വില്ലേജ് ഓഫിസില്‍നിന്ന് ഓണ്‍ലൈന്‍ വഴി ലഭിച്ച സര്‍ട്ടിഫിക്കറ്റ് എന്ന നിലയിലാണ് അപേക്ഷകര്‍ ഇത് സമര്‍പ്പിച്ചത്. സംശയം തോന്നിയ നഗരസഭ അധികൃതര്‍ സര്‍ട്ടിഫിക്കറ്റിലെ സെക്യൂരിറ്റി കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് പുനലൂര്‍ തഹസില്‍ദാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തഹസില്‍ദാരുടെ അറിയിപ്പിനെതുടര്‍ന്ന് താലൂക്കിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പെന്‍ഷന്‍ അപേക്ഷകള്‍ക്കൊപ്പം ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.