പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപിടിത്തം; ദുരന്തം ഒഴിവായി
text_fieldsപുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ തീപിടിത്തം. റെയിൽവേ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും അവസരോചിത രക്ഷാപ്രവർത്തനത്തിലൂടെ ഒഴിവായത് വൻ ദുരന്തം.
കഴിഞ്ഞയാഴ്ചയും സ്റ്റേഷന്സമീപമുള്ള ട്രാക്ഷൻ സബ്സ്റ്റേഷൻ പരിസരത്ത് തീപിടിച്ചിരുന്നു. കൊടുംചൂടും ശക്തമായ കാറ്റും അനുഭവപ്പെടുന്ന പുനലൂരിൽ സ്റ്റേഷൻ പരിസരത്തുള്ള ഉണങ്ങിയ കുറ്റിക്കാടുകളും ചപ്പുചവറുകളും നീക്കി തീ പ്രതിരോധപ്രവർത്തനങ്ങൾ നടത്താത്തതിനാലാണ് തുടർച്ചയായി തീപിടിക്കുന്നതെന്ന ആക്ഷേപം ഉണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൂന്ന്, നാല് പ്ലാറ്റ്ഫോമുകളോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് തീ കത്തിക്കയറിയത്.റെയിൽവേ എൻജിനീയറിങ് വിഭാഗത്തിെൻറ ഓഫിസും അടുത്തുണ്ട്. ഈ സമയം ഈ ഭാഗത്ത് ഒരു ഡീസൽ എൻജിനും തൊട്ടടുത്ത് പ്ലാറ്റ്ഫോമിൽ പുനലൂർ-മധുര പാസഞ്ചറും കിടപ്പുണ്ടായിരുന്നു. കൊല്ലം-ചെന്നൈ എഗ്മൂർ എക്സ്പ്രസ് വരുന്നതിന് തൊട്ടുമുമ്പായിരുന്നു തീപിടിത്തം. ഈ സമയം പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എസ്.എച്ച്.ഒ അനിൽകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്.ഐ സമ്പത്ത് എന്നിവരുടെ ശ്രദ്ധയിൽ തീപെട്ടു.
ഇവർ റെയിൽവേ സ്റ്റേഷൻ അധികൃതരെയും പുനലൂർ ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. ശക്തമായ കാറ്റിൽ ഇതിനകം തീ ചുറ്റുപാടും പടർന്ന് ഡീസൽ എൻജിൻ കിടന്ന പ്ലാറ്റ്ഫോമിന് തൊട്ടടുത്തുവരെ എത്തിയത് ആശങ്ക പരത്തി. ഫയർഫോഴ്സ് എത്തി റെയിൽവേ പൊലീസിന്റെയും മറ്റും സഹായത്തോടെ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഈ ഭാഗത്തുണ്ടായിരുന്ന കുറ്റിക്കാടും അവശിഷ്ടങ്ങളും പൂർണമായും കത്തിനശിച്ചു. വലിയ തെങ്ങിന്റെ മണ്ടവരെ കത്തിനശിച്ചു.സ്റ്റേഷനോടുേചർന്ന് തീപിടിത്തസാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.