അച്ചൻകോവിൽ ആനക്കൊമ്പ് കേസിൽ അഞ്ചുപേർ പിടിയിൽ
text_fieldsപുനലൂർ: അച്ചൻകോവിൽ ആറ്റുതീരത്ത് ഉപേക്ഷിച്ചനിലയിൽ ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്ലാർ റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മറ്റൊരു ആനക്കൊമ്പും തേറ്റകളും പിടികൂടി. അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ എസ്. പ്രസാദ്, പടിഞ്ഞാറേ പുറമ്പോക്ക് സ്വദേശി എസ്. ശരത്, അനീഷ് ഭവനിൽ വി. അനീഷ്, ബ്ലോക്ക് നമ്പർ മൂന്നിൽ പി. കുഞ്ഞുമോൻ, ഓലപ്പാറ ചരുവിള പുത്തൻ വീട്ടിൽ എം. ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
അനീഷീന്റെ വീട്ടിലെ അലമാരക്കടിയിൽനിന്നാണ് വനപാലകർ മറ്റൊരു ആനയുടെ തേറ്റകൾ കണ്ടെത്തിയത്. അച്ചൻകോവിൽ ഡിവിഷനിലെ കല്ലാർ റേഞ്ചിലെ മയിലാടുംപാറ ആറ്റുതീരത്ത് എന്നും കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ ഒരു ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും തേറ്റകൾ കണ്ടെത്തിയതും.
മൂന്ന് മാസം മുമ്പ് അച്ചൻകോവിൽ റേഞ്ചിലെ കൂരാൻപാറ വനത്തിൽനിന്നുമാണ് കൊമ്പും തേറ്റയും ലഭിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി അധികൃതർ പറഞ്ഞു. വിൽപനക്കായി സൂക്ഷിച്ചിരുന്ന കൊമ്പ് വനപാലകർ പിടിക്കുമെന്ന് സംശയിച്ച് ചാക്കിൽ കെട്ടി ആറ്റുതീരത്ത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, മറ്റൊരു കൊമ്പിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കൊമ്പ് കിട്ടിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചു തെളിവെടുത്തു.
ഒളിവിലായ മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി വൈകി പ്രതികളെ റാന്നി കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. റേഞ്ച് ഓഫിസർ എ.പി. അനീഷ് കുമാർ, ഡെപ്യൂട്ടി റേഞ്ചർ സലീം, സെക്ഷൻ ഫോറസ്റ്റർമാരായ ദിലീപ് കുമാർ, ലാൽകുമാർ, ബിനുകുമാർ, എ.ആർ. രാജേഷ്, രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അരുൺകുമാർ, ശ്രീജിത്ത്, ജോസ്, വിജി, ആർ. സദാശിവൻ ആർ. പ്രസന്നൻ, സച്ചിൻ, ശ്രീനു, ഷാജി, ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.