ആര്യങ്കാവിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
text_fieldsപുനലൂർ: ആര്യങ്കാവിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30ഓടെ ദേശീയപാതയിൽ ആര്യങ്കാവ് മുറിയൻപാഞ്ചാലിലായിരുന്നു അപകടം. തെങ്കാശിയിൽനിന്ന് നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റും ഓച്ചിറ വവ്വാക്കാവിൽനിന്ന് തൃച്ചിക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ ഓച്ചിറ സ്വദേശി വിജയകുമാറിനെ (54) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന സ്നേഹ വിജയനെ (22) വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന വിശ്വനാഥൻ (52), ബസ് യാത്രികരായ കുളത്തൂപ്പുഴ സാംനഗർ താജുദ്ദീൻ മൻസിലിൽ മഹ്മൂദ(62), തിരുനെൽവേലി ശങ്കർ നഗർ ഗണപതി മിൽ സ്ട്രീറ്റ് സ്വദേശിനി രമണി (54) എന്നിവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് മുറിയൻപാഞ്ചാലിൽ യാത്രക്കാരെ ഇറക്കി മുന്നോട്ടു നീങ്ങുമ്പോൾ തെറ്റായ ദിശയിൽ അമിത വേഗത്തിൽ വന്ന കാർ ബസിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ സജി പറഞ്ഞു. കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. കാർ പൂർണമായും തകർന്നു. സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെതുടർന്ന് ബസിലുണ്ടായിരുന്ന മിക്ക യാത്രക്കാരുടെയും മുഖം സീറ്റിന്റെ കമ്പിയിൽ ഇടിച്ചു.
പലരും ബസിനുള്ളിൽ മറിഞ്ഞുവീണു. നിസ്സാര പരിക്കേറ്റ ഈ യാത്രക്കാർ പ്രാഥമിക ചികിത്സക്കുപോലും നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ യാത്ര തുടർന്നു. അപകടത്തെതുടർന്ന് ഏറെനേരം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. തെന്മല പൊലീസ് എത്തി അപകടത്തിലായ വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.