പ്രവർത്തനം ആരംഭിക്കാതെ ഭക്ഷ്യസുരക്ഷ ചെക് പോസ്റ്റ്
text_fieldsപുനലൂർ: മൂന്ന് വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്ത ആര്യങ്കാവിലെ ഭക്ഷ്യ സുരക്ഷ ചെക്പോസ്റ്റ് നശിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ വേണ്ടി തമിഴ്നാട്-കേരള അതിർത്തിയായ ആര്യങ്കാവിൽ മൂന്ന് വർഷം മുമ്പാണ് ചെക് പോസ്റ്റ് അനുവദിച്ചത്. അതിർത്തി കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്ഥിരം പരിശോധന ഉദ്ദേശിച്ചുകൂടിയായിരുന്നു ഇത്.
ചെക്പോസ്റ്റിനായി വാണിജ്യ നികുതിയുടെ നിർത്തലാക്കിയ ചെക്പോസ്റ്റ് കെട്ടിടത്തിന്റെ ഒരുനില വിട്ടുകൊടുത്തു. ഈ കെട്ടിടത്തിലെ അസൗകര്യം കണക്കിലെടുത്ത് ചെക് പോസ്റ്റ് പ്രവർത്തനം തുടങ്ങിയില്ല. തുടർന്ന് അറ്റകുറ്റപ്പണിക്കായി രണ്ട് വർഷം മുമ്പ് സർക്കാർ നാലു ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞവർഷം പണി പൂർത്തിയാക്കി.
കഴിഞ്ഞ ഓണത്തിന് മുമ്പ് ചെക് പോസ്റ്റ് പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ സുരക്ഷ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ പ്രവർത്തനം നീണ്ടുപോകുകയാണ്. ചെക് പോസ്റ്റ് പരിസരം അടുത്ത കാലത്തായി കാടുമൂടിക്കിടക്കുകയാണ്. പരിസരപ്രദേശം ഇതുവഴിയുള്ള വണ്ടിക്കാരും വ്യാപാരികളും പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
നായ്ക്കളും ഇഴജന്തുക്കളും ഇവിടെ താവളമാക്കി. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പരിസരത്ത് പോലും പോകാനാകുന്നില്ല. അറ്റകുറ്റപ്പണി നടത്തിയ കെട്ടിട ഭാഗങ്ങളും നാശത്തിലാണ്.
അതേസമയം, ചെക്പോസ്റ്റിന്റെ അഭാവത്തിൽ വല്ലപ്പോഴും ഭക്ഷ്യസുരക്ഷ സംഘം ഇവിടെയെത്തി സംശയമുള്ള വാഹനങ്ങളിലെ സാധനങ്ങൾ പരിശോധിച്ച് മടങ്ങുകയാണ് പതിവ്.
സ്ഥിരപരിശോധനയുടെ അഭാവത്തിൽ മാരകമായ മായം കലർത്തിയ പച്ചക്കറി, മത്സ്യം, പാൽ, മാംസം തുടങ്ങിയവ യഥേഷ്ടം കടത്തുന്നുണ്ട്. ഓണം പോലുള്ള സീസൺ കാലത്ത് മാത്രം പരിശോധന നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്നിരിക്കെ സ്ഥിരം സംവിധാനം ആരംഭിക്കാൻ അധികൃതർ തയാറാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.