വനം അധികൃതർ എൻ.ഒ.സി നൽകുന്നില്ല; ആര്യങ്കാവിൽ ഭൂമി കൈമാറ്റം അവതാളത്തിൽ
text_fieldsപുനലൂർ: വനം റേഞ്ച് അധികൃതർ നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകാത്തതിനാൽ ആര്യങ്കാവിലെ ഭൂമി ക്രയവിക്രയം മുടങ്ങി. ഇതോടെ ഭൂവുടമകൾ പ്രതിസന്ധിയിലായി. വനഭൂമി അതിർത്തിയായ സ്വകാര്യ പട്ടയ ഭൂമി വിൽക്കാനുള്ള രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാൻ വനം അധികൃതരുടെ നിരാക്ഷേപ പത്രം ഭൂവുടമകൾ രജിസ്ട്രാർ ഓഫിസിൽ ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രജിസ്ട്രേഷൻ നടക്കില്ല.
ഇത്തരത്തിൽ അഞ്ച് രജിസ്ട്രേഷൻ അടുത്തിടെ മുടങ്ങി. ഭൂ ഉടമകൾ നിരാക്ഷേപ പത്രത്തിനായി ആര്യങ്കാവ് റേഞ്ച് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള സർക്കർ ഉത്തരവ് ഓഫിസിൽ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് വനം അധികൃതർ പറയുന്നത്.
തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ അവിടത്തെ റേഞ്ച് ഓഫിസിൽനിന്ന് നിരാക്ഷേപ പത്രം നൽകുന്നുണ്ട്. ആര്യങ്കാവിലും അടുത്ത കാലംവരെ അർഹമായ പട്ടയഭൂമിക്ക് വനം അധികൃതർ നിരാക്ഷേപ പത്രം നൽകിയിരുന്നു. ആര്യങ്കാവ് മേഖലയിൽ ജനവാസം ആരംഭിച്ച കാലം മുതൽ പട്ടയ ഭൂമി വിൽക്കുന്നതിന് ഇല്ലാതിരുന്ന തടസ്സമാണ് അടുത്തകാലത്തായി സംജാതമായത്.
അപേക്ഷകന്‍റെ ഭൂമിയിൽ വനഭൂമി ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് നിരാക്ഷേപപത്രം. അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട വനം അധികൃതർ സ്ഥലത്തെത്തി വനാതിർത്തിയും പട്ടയഭൂമിയും തിരിച്ചറിയും. സംശയമുള്ള ഭൂമി വനംവകുപ്പ് സർവേയർമാർ അളന്ന് ബോധ്യപ്പെടാറുമുണ്ട്.
ഇതിനുശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇത് ഹാജരാക്കിയാൽ ഭൂമി രജിസ്ട്രേഷന് മറ്റ് തടസ്സങ്ങളില്ല. ആര്യങ്കാവ്, തെന്മല വില്ലേജുകളിൽ മിക്ക പട്ടയ ഭൂമിക്കും ഏതെങ്കിലും അതിരായി വനഭൂമിയുണ്ടാകും. എല്ലായിടത്തും വനംവകുപ്പ് പാറകൊണ്ട് ജണ്ടകൾ നിർമിച്ച് വേർതിരിച്ചിട്ടുണ്ട്.
പെൺമക്കളുടെ വിവാഹം, വിദ്യാഭ്യാസം മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കാണ് മിക്കവരും പട്ടയഭൂമി വിൽക്കുന്നത്. വനം അധികൃതരുടെ നിഷേധ നിലപാട് കാരണം ഭൂമി വിൽക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ ബുദ്ധിമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.