ആവശ്യത്തിന് ജീവനക്കാരില്ല; പാൽ പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ
text_fieldsപുനലൂർ: സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ പ്രവർത്തിക്കുന്ന പാൽ പരിശോധന കേന്ദ്രത്തിൽ മതിയായ ജീവനക്കാർ ഇല്ലാത്തത് പ്രവർത്തനത്തെ പ്രതികൂലമാക്കുന്നു. ദിവസവും തമിഴ്നാട്ടിൽനിന്നടക്കം രണ്ടര ലക്ഷം ലിറ്റർ വരെ പാലാണ് ഇതുവഴി കൊണ്ടുവരുന്നത്. എന്നാൽ, ടാങ്കർ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഈപാലിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ ഇവിടെയുള്ളതാകാട്ടെ ആകെ അഞ്ച് ജീവനക്കാർ മാത്രം.
24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് നിലവിലുള്ളവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. മൂന്നു ഷിഫ്റ്റായി പ്രവർത്തിക്കുന്ന ഇവിടെ മൂന്ന് ഡെയറി എക്സ്റ്റൻഷൻ ഓഫിസർമാരും രണ്ട് ലാബ് അസിസ്റ്റന്റുമാണുള്ളത്. ഇവരിൽ മിക്കവരും വനിതകളാണ്.
രാത്രിയാണ് കൂടുതൽ പാൽ വാഹനങ്ങൾ വരുന്നത്. രാത്രിയിൽ വരുന്ന ടാങ്കറുകളുടെ മുകളിൽ കയറി സാമ്പ്ൾ ശേഖരിക്കൽ അടക്കമുള്ള ജോലികൾ ഒരേ ഷിഫ്റ്റിൽ വരുന്ന രണ്ടുപേരുടെ ചുമതലയാണ്. ഇത് വനിത ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ടാങ്കറുകളുടെ മുകളിൽ കയറാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പരിശോധനക്ക് പാൽ ടാങ്കറിൽനിന്ന് ശേഖരിച്ചു കൊടുക്കുന്നത് വണ്ടിക്കാരാണ്.
ഈ സാമ്പ്ളാണ് ലാബിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നത്. എന്നാൽ, വണ്ടിക്കാർ എടുക്കുന്ന സാമ്പ്ൾ പാൽ ടാങ്കറിൽനിന്നുള്ളതാണോ അല്ലയോ എന്ന് കൃത്യമാക്കാൻ ജീവനക്കാരുടെ കുറവുമൂലം കഴിയുന്നില്ല. മൂന്ന് ഷിഫ്റ്റിലായി 12 ജീവനക്കാരെങ്കിലും വേണമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. തെക്കൻ ജില്ലകളിലുള്ള ഡെയറി എക്സ്റ്റൻഷൻ ഓഫിസർമാരെയാണ് മാറിമാറി ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിക്ക് നിയമിക്കുന്നത്.
ഇവരിൽ മിക്കവരും വനിതകളായിരിക്കും. ദൂരെനിന്ന് വരുന്ന ഇവർ യാത്രാസൗകര്യം പരിഗണിച്ച് രണ്ടും മൂന്നും ഡ്യൂട്ടി ഒരുമിച്ച് ചെയ്താണ് മടങ്ങുന്നത്. തെന്മലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാലുവർഷം മുമ്പാണ് ആര്യങ്കാവിലേക്ക് മാറ്റിയത്. തുടക്കത്തിൽ സഹായിയായി മറ്റൊരാൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇയാളെ പിരിച്ചുവിട്ടു.
ഇപ്പോൾ ഒരു ഷിഫ്റ്റിൽ വരുന്ന രണ്ടുപേരാണ് വാഹനങ്ങളിൽനിന്നും പാൽ സാമ്പ്ൾ ശേഖരിക്കുന്നതും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതും. കുറഞ്ഞത് ഒരു ഷിഫ്റ്റിൽ നാല് ജീവനക്കാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇവിടത്തെ പ്രവർത്തനം സുഗമമാക്കാൻ കഴിയുകയുള്ളൂ.
ഓണം പോലെയുള്ള ഉത്സവ സീസണുകളിൽ പാലും പാലുൽപന്നങ്ങളുടെ വരവും വർധിക്കുന്നതോടെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയിലധികമാകാറുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് പലതവണ ക്ഷീരവികസന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സമീപത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്ഥിരം പരിശോധന കേന്ദ്രം അനുവദിച്ചെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. ഈ പരിശോധന കേന്ദ്രം തുറന്നിരുന്നെങ്കിൽ പാൽ പരിശോധന കേന്ദ്രത്തിനും സഹായമായേനെ.
കഴിഞ്ഞദിവസം മായം കലർന്ന പാൽ പിടിച്ചതിന്റെ വിദഗ്ധ പരിശോധനക്കായി സാമ്പ്ൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം റീജനൽ ഓഫിസിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലം 24 മണിക്കൂർ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെചൊല്ലി പാൽ കൊണ്ടുവന്നവരും പരിശോധന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും തമ്മിൽ കശപിശയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.