സംസ്കരണ സംവിധാനമില്ല; ആര്യങ്കാവിൽ മാലിന്യം കുന്നുകൂടുന്നു
text_fieldsപുനലൂർ: സംസ്കരണത്തിന് സംവിധാനവും സ്ഥലവുമില്ലാത്തതിനാൽ ആര്യങ്കാവ് പഞ്ചായത്തിൽ മാലിന്യം കുന്നുകൂടുന്നു. ഹരിത കർമസേന വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ അഴുകാത്ത മാലിന്യം ചാക്കുകളിലാക്കി പൊതു സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിലാണ്. അഴുകുന്ന മാലിന്യം നീക്കംചെയ്യാതെ അതത് സ്ഥലങ്ങളിൽ കിടന്ന് അഴുകി ദുർഗന്ധം പരത്തുന്നു.
ശേഖരിക്കുന്ന മാലിന്യം മുമ്പ് തരംതിരിച്ച് ഒരു സംസ്കരണ ഏജൻസിക്ക് കൈമാറിയിരുന്നു. അടുത്ത കാലത്തായി ഈ ഏജൻസി എത്താത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ശബരിമല സീസൺകൂടി തുടങ്ങിയതോടെ മാലിന്യ ശേഖരണവും സംസ്കരണവും യഥാവിധി നടക്കാത്തത് ഇവിടെ എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്കും ബുദ്ധിമുട്ടാകും. പകർച്ചവ്യാധി പിടിപെടുന്നതിന് ഇടയാക്കുമെന്ന് ആശങ്കയുമുണ്ട്. പല സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം നെടുമ്പാറ സ്കൂൾ വളപ്പിലാണ് അടുത്തകാലംവരെ സൂക്ഷിച്ചിരുന്നത്.
എന്നാൽ, ഇതിന് ഉപയോഗിച്ചിരുന്ന കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തതോടെ ഇവിടെനിന്ന് മാലിന്യം മാറ്റി. ആര്യങ്കാവ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചന്തക്കുള്ളിൽ മാലിന്യം ശേഖരിച്ചിരിക്കുന്നത്. പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നുപിടിക്കാൻ സാധ്യത ഏറുകയാണ്. പൊതുചന്ത മാലിന്യക്കൂമ്പാരം ആക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കുള്ളത്.
സ്വന്തമായി സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള ഫണ്ടും സ്ഥലവുമില്ലാത്തതും പ്രശ്നമാണ്. തൽക്കാലം മാലിന്യം സൂക്ഷിക്കുന്നതിന് ഭൂമി വിട്ടുകിട്ടാൻ ഇവിടുള്ള വൻകിട സ്വകാര്യ റബർ എസ്റ്റേറ്റ് ഉടമകളെ പഞ്ചായത്ത് അധികൃതർ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ല. സർക്കാർതല ഇടപെടൽ ഉണ്ടായി ആവശ്യമായ ഭൂമി ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.