കൂറ്റൻ ആൽമരം ഭീഷണി; നടപടിയില്ല
text_fieldsപുനലൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സംരക്ഷണ ഭിത്തി തകർന്ന് വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന ആൽമരം അപകട ഭീഷണിയാകുന്നു. കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ വശത്ത് കച്ചേരി റോഡിനോട് ചേർന്നാണ് പന്തലിച്ച് ആൽമരമുള്ളത്. നഗരസഭ കാര്യാലയം, പുനലൂർ വില്ലേജ് ഓഫിസ് എന്നിവയുടെ മുന്നിലാണിത്. കൂടാതെ, നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രം ഈ ആലിന് തൊട്ടുതാഴെയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നും മലയോര ഹൈവേയിൽനിന്നും ചെങ്കോട്ട, പത്തനാപുരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും ഈ ജങ്ഷനിൽ തിരിഞ്ഞാണ് പാതയിലേക്ക് പ്രവേശിക്കുന്നത്.
ദേശീയപാതയിൽനിന്ന് പത്തോടിയോളം ഉയരത്തിൽ കുന്നിലുള്ള ആലിന്റെ മൂട്ടിൽ കരിങ്കൽ കൊണ്ട് സംരക്ഷണ ഭിത്തി നിർമിച്ചിരുന്നത് വേരുകളിറങ്ങി ഭാഗിമായി തകർന്നു. ആലിന്റെ പ്രധാന ശിഖരങ്ങളടക്കം ദേശീയപാതയിലേക്കും കച്ചേരി റോഡിലേക്കും സമീപത്തെ കടകളുടെ മുകളിലേക്കും പടർന്നുകിടക്കുകയാണ്. ഇതിനടിയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്.
ചെറിയ കാറ്റടിച്ചാൽപ്പോലും ശിഖരങ്ങൾ ലൈനിൽ തട്ടി വൈദ്യുതി മുടങ്ങുന്നു. മരച്ചില്ലകൾ പാതയിലേക്ക് താഴ്ന്നു കിടക്കുന്നതിനാൽ വലിയ വാഹനങ്ങളിൽ തട്ടുകയാണ്. ദേശീയപാത, പൊതുമരാമത്ത്, റവന്യൂ അധികൃതർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും സുരക്ഷ നടപടി സ്വീകരിക്കുന്നില്ല. ലൈനുകൾ മരച്ചില്ലയിൽ മുട്ടിക്കിടന്നിട്ടും കെ.എസ്.ഇ.ബി അധികൃതരും കണ്ടെല്ലെന്ന് നടിക്കുന്നു. ചെറിയ കാറ്റോ മഴയോ ഉണ്ടായാൽ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞ് പാതയിലും വൈദ്യുതി ലൈനിലും കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിലും വീഴുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.