ഗവ. ആശുപത്രികളിൽ പേവിഷ പ്രതിരോധ മരുന്നില്ല
text_fieldsപുനലൂർ: താലൂക്കാശുപത്രികളിലടക്കം പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ മരുന്നില്ല. കിഴക്കൻ മലയോരമേഖലയിൽ ദിവസവും നിരവധി ആളുകളാണ് നായ്, പൂച്ച, കുരങ്ങ്, ചെന്നായ തുടങ്ങിയവയുടെ കടിയേറ്റ് കുത്തിവെപ്പിന് ആശുപത്രികളിലെത്തുന്നത്. അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ഗവ. ആശുപത്രികളിലെത്തുന്നവരെ പ്രതിരോധ മരുന്നില്ലെന്ന് പറഞ്ഞ് അധികൃതർ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് വിടുകയാണ്.
വളരെ ദൂരെനിന്ന് ഇവിടെയെത്തുമ്പോൾ താലൂക്കാശുപത്രിയിലും മിക്കപ്പോഴും പ്രതിരോധ മരുന്നില്ലാത്ത അവസ്ഥയാണ്. ഇവിടെനിന്ന് തിരുവനന്തപുരം, പാരിപ്പള്ളി എന്നിവിടങ്ങളിലെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് കടിയേൽക്കുന്നവരെ പറഞ്ഞുവിടുകയാണ് പതിവ്. അല്ലെങ്കിൽ വലിയ വില നൽകി പുറത്തുനിന്ന് മരുന്ന് വാങ്ങണം.
അടുത്ത കാലത്തായി ആരോഗ്യ വകുപ്പിൽ നിന്ന് പ്രതിരോധ മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് താലൂക്കാശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ആശുപത്രി മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ അളവിൽ മിക്കപ്പോഴും മരുന്ന് വാങ്ങി സൂക്ഷിക്കാറുണ്ട്. ചില ദിവസങ്ങളിൽ പത്തോളം ആളുകളെങ്കിലും പ്രതിരോധ കുത്തിവെപ്പിന് വരുന്നതോടെ മരുന്ന് തീരും. മരുന്നിന് പൊതുവിപണിയിൽ വിലക്കൂടുതൽ ആയതിനാൽ ആശുപത്രി ഫണ്ടിൽ മരുന്ന് വാങ്ങുന്നതിനും നിയന്ത്രണമുണ്ടെന്നും അധികൃതർ പറഞ്ഞു.
നിലവിൽ ജില്ലയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ് എല്ലാ ദിവസവും മുടക്കമില്ലാതെ പേവിഷ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമാകുന്നത്. എന്നാൽ, ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. വന മേഖലയിൽ കുരങ്ങ്, ചെന്നായ പെരുകിയതിനാൽ മനുഷ്യരെയും വളർത്തു മൃഗങ്ങളെയും കടിക്കുന്നത് കൂടിവരുന്നു. ഈ അവസ്ഥ പരിഗണിച്ച് ഇവിടുള്ള പി.എച്ച്.സിയിൽ ഉൾപ്പെടെ പ്രതിരോധ മരുന്ന് മുടങ്ങാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.