കാറ്റും മഴയും: അച്ചൻകോവിലിൽ വൻ നാശം; നാല് വീട് തകർന്നു
text_fieldsപുനലൂർ: മലയോരത്ത് കനത്ത മഴ തുടരുന്നതിനിടെ അച്ചൻകോവിലിൻ വലിയ നാശം. നാല് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു. മരങ്ങൾ വീണ് അലിമുക്ക്- അച്ചൻകോവിൽ കാനനപാതയിൽ ചൊവ്വാഴ്ചയും ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വഴിയിലുടനീളം നിരവധി സ്ഥലങ്ങളിൽ വനത്തിൽനിന്ന് മരങ്ങൾ പാതയിലേക്ക് കടപുഴകി. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ മിക്കയിടത്തും വൈദ്യുതി മുടങ്ങി.
അച്ചൻകോവിൽ ആറ്റിനക്കരെ ശ്രീദേവി, ശ്രീകുമാർ നായർ, ഷിജുവിന്റെ ഷെഡ്, കിഴക്ക് ഭാഗം നാലുസെന്റിൽ പാപ്പ എന്നിവരുടെ വീടുകളാണ് തകർന്നത്. വീടിന് മുകളിൽ കമുക് മറിഞ്ഞതിനെ തുടർന്ന് ഓട് തലയിൽ വീണ് പാപ്പക്ക് പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് അംഗം സാനു ധർമരാജിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
അച്ചൻകോവിൽ ട്രൈബൽ കോളനിക്ക് സമീപം കൂറ്റൻ മരം തിങ്കളാഴ്ച രാത്രി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ അച്ചൻകോവിലിൽനിന്ന് പുനലൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്റ്റേ ബസ് കടന്നുപോകാനാകാതെ റോഡിൽ നിർത്തിയിട്ടു. വനപാലകരും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്. ഈ ഭാഗത്ത് കെ.വി ലൈനിന്റെ ഉൾപ്പെടെ പോസ്റ്റുകളും ലൈനുകളും തകർന്നു. മലവെള്ളപ്പാച്ചിലിൽ വാട്ടർ അതോറിറ്റിയുടെ തുറയിലെ പമ്പ് ഹൗസ് ഭാഗത്ത് ആറ്റിെൻറ തീരം ഇടിഞ്ഞത് പമ്പ് ഹൗസിന് ഭീഷണിയായി. ചൊവ്വാഴ്ച പകൽ മലയോരത്ത് കാര്യമായ മഴയില്ലാതിരുന്നത് ആശ്വാസമായി.
കടമാന്‍കോട് പാതക്ക് കുറുകെ വന്മരം കടപുഴകി
കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും പാതയോരത്ത് നിന്നിരുന്ന വന്മരം കടപുഴകി 11 കെ.വി ലൈന്‍ തകര്‍ത്ത് പാതക്ക് കുറുകെ വീണു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഏഴംകുളം-കടമാന്‍കോട് പാതയില്‍ ഏഴംകുളം വനം സെക്ഷന്‍ ഓഫിസിനുസമീപത്തായി പാതയോരത്ത് നിന്നിരുന്ന മരം കടപുഴകി പാതക്ക് കുറുകെ വീഴുകയായിരുന്നു.
സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണതോടെ രണ്ട് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുതൂങ്ങുകയും വൈദ്യുതി ലൈനുകളും കേബിളുകളും തകരുകയും ചെയ്തു. നാട്ടുകാര്‍ വനംവകുപ്പിനെയും പുനലൂര്‍ അഗ്നിശമനസേന വിഭാഗത്തെയും വിവരമറിയിച്ചു. കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍നിന്ന് ജീവനക്കാരെത്തി തകര്‍ന്ന വൈദ്യുതി ലൈനുകള്‍ നീക്കി. അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ മരവും ചില്ലകളും മുറിച്ചു മാറ്റിയ ശേഷമാണ് പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
കനത്ത മഴയില്‍ കുളത്തൂപ്പുഴ വട്ടക്കരിക്കം ആയിഷാ മന്‍സിലില്‍ ദിലീപിന്റെ വീടിന്റെ മതിലിടിഞ്ഞ് സമീപത്തെ തോട്ടിൽ പതിച്ചു. കരിങ്കല്ലും മണ്ണും വീണ് കൈത്തോട് അടഞ്ഞതോടെ ഇതിലൂടെ വെള്ളം ഒഴുകുന്നത് തടസ്സപ്പെടുകയും സമീപത്തെ പുരയിടങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കുളത്തൂപ്പുഴയാറില്‍ നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പുയർന്നെങ്കിലും പകൽ മഴക്ക് അല്പം ശമനം കണ്ടതിനാല്‍ ആശങ്കക്ക് ഇടയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കാറ്റിലും മഴയിലും ജില്ലയിൽ 33 വീടുകൾ ഭാഗികമായി തകർന്നു
കൊല്ലം: തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച വൈകീട്ടുവരെ പെയ്ത ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 33 വീടുകൾ ഭാഗികമായി തകർന്നു; ആർക്കും പരിക്കില്ല. കൊല്ലം-എട്ട്, കൊട്ടാരക്കര -17, കുന്നത്തൂർ -രണ്ട്, പത്തനാപുരം-രണ്ട്, പുനലൂർ-നാല്, കരുനാഗപ്പള്ളി-ഒന്ന് എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിൽ വീടുകൾ തകർന്നത്.
ജില്ലയിൽ ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിനും 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകി.
മരംവീണ് കിടപ്പുരോഗിയുടെ വീട് തകർന്നു
അഞ്ചൽ: കഴിഞ്ഞദിവസം മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ ഏരൂർ പഞ്ചായത്ത് ഭാഗങ്ങളിൽ നാശനഷ്ടം. നെട്ടയത്ത് അയൽവാസിയുടെ മരം കടപുഴകിവീണ് കിടപ്പുരോഗിയുടെ വീട് തകർന്നു. നെട്ടയം കോട്ടാത്തലയില്‍ സുനിഭവനില് സുജിത്തിന്റെ വീടാണ് തകര്‍ന്നത്. വീടിനുസമീപം നിന്ന കൂറ്റന്‍ തേക്ക് മരം കടപുഴകുകയായിരുന്നു. മരം വീണ് തകര്‍ന്ന മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ വീണ് സുജിത്തിന്റെ പിതാവും കിടപ്പുരോഗിയുമായ ഗോപിനാഥന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ബന്ധുക്കൾ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തടിയില്‍ സമീപംനിന്ന പ്ലാവ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വേങ്ങവിള വീട്ടില്‍ റഷീദയുടെ വീടാണ് തകര്‍ന്നത്. കാഞ്ഞുവയലില് ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. സുബിന മന്‍സിലില്‍ ഹസീനയുടെ വീടിന്റെ മേല്‍ക്കൂരയാണ് പറന്നുപോയത്. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ റവന്യൂ, പഞ്ചായത്തധികൃതർ സന്ദര്‍ശിച്ചു.
കൊട്ടാരക്കര താലൂക്കിൽ കനത്ത നാശനഷ്ടം, 21 വീടുകൾ ഭാഗികമായി തകർന്നു
കൊട്ടാരക്കര: കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ കൊട്ടാരക്കര താലൂക്കിൽ കനത്ത നാശനഷ്ടം. 21 വീടുകൾ ഭാഗികമായി തകർന്നു. 7.4 ലക്ഷം രൂപ നാശനഷ്ടം വില്ലേജ് അധികൃതർ കണക്കാക്കുന്നു. കടയ്ക്കൽ വടക്കേ വയൽപുതുക്കാട് പുത്തൻവീട്ടിൽ സന്തോഷ് കുമാറിന്റെ വീടിന്റെ മുകളിലേക്ക് മഴയത്ത് മരം ഒടിഞ്ഞുവീണു. ചെറുപൊയ്ക കാരിയ്ക്കൽതെക്കും കൂട്ടത്തിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. കുളക്കട കിഴക്ക് മലപ്പാറ ഷീജഭവനത്തിൽ നാസറിന്റെ വീട് ഭാഗികമായി തകർന്നു. അടുക്കളയുടെ ചിമ്മിനി ഭാഗമാണ് തകർന്നത്.
മൈലത്ത് വിജയം വിലാസത്തിൽ സുമതി അമ്മയുടെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. താഴത്ത് കുളക്കട പുലരിയിൽ ഓമനയുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. എഴുകോൺ വാളായിക്കോട് ഇടയ്ക്കിടത്ത് നെടുന്താനത്ത് രാജീവിന്റെ വീട്ടിലെ തേക്കുമരം കടപുഴകി വീണു. നിലമേൽ ആഴാന്തകുഴി പ്രീനി വിലാസത്തിൽ സതിയുടെ വീട്ടിലേക്ക് മരം വീണു.
കടയ്ക്കൽ ഏറ്റിൻകടവ് പാറവിള പുത്തൻവീട്ടിൽ ശാലിനിയുടെ വീടിന്റെ മേൽക്കൂര മഴയത്ത് തകർന്നു. കുമ്മിൾ പുള്ളിപ്പച്ച ലക്ഷംവീട്ടിൽ തങ്കമ്മയുടെ വീട് മഴയത്ത് തകർന്നു. കലയപുരം പൂവറ്റൂർ കിഴക്ക് കൊച്ചുമടത്തിൽ മിനിയുടെ വീട്ടിലേക്ക് തേക്ക് മരം കടപുഴകി. പവിത്രേശ്വരം കരിവിൻപുഴ കാരിയ്ക്കൽ ചെല്ലമ്മ അമ്മയുടെ വീടിന്റെ മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. ബാക്കി വീടുകൾ ഭാഗികമായി തകർന്നു.
കാറ്റിലും മഴയിലും കൃഷിനാശം
അഞ്ചൽ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ട് വാഴകളും മരച്ചീനിയും നശിച്ചു. അറയ്ക്കൽ ഗോപവിലാസത്തിൽ ഗോപകുമാറിന്റെ കൃഷിയാണ് നശിച്ചത്. അറയ്ക്കൽ മിയ്യേരി ഏലായിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തിരുന്ന ഇരുനൂറോളം ഏത്തവാഴകളും മരച്ചീനികൃഷിയുമാണ് നശിച്ചത്. പകുതി വിളവെത്തിയതും കുടംവന്നതുമായ വാഴകളാണ് നശിച്ചത്. ഇടമുളയ്ക്കൽ കൃഷിഭവനിൽ അറിയിച്ചിട്ടുണ്ട്.
റോഡ് തകർന്നു; പരിഹാര നടപടികളില്ല
കൊട്ടാരക്കര: നെടുമൺകാവ്-ഓടനാവട്ടം റോഡ് തകർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നാല് കിലോമീറ്റർ വരുന്ന റോഡിന്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികളാണ്. ക്വാറിയിൽനിന്ന് പാറയുമായി ഇതുവഴി ടിപ്പർലോറികൾ കടന്നുപോകുന്നത് റോഡുകൾ കൂടുതൽ തകരുന്നതിന് കാരണമാകുന്നു. റോഡിന്റെ അരുക് വെള്ളം ഒഴുകി ടാറിളകിയും വൻ കുഴികൾ രൂപപ്പെട്ട നിലയിലുമാണ്. ഓടനാവട്ടം, കുടവട്ടൂർ, കരീപ്ര എന്നീ പ്രദേശങ്ങൾ കടന്നുപോകുന്ന റോഡിലാണ് കുഴികൾ. അഞ്ചുവർഷം മുമ്പ് കോടികൾ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.