കഴുതുരുട്ടിയാർ വറ്റി; മലയോര മേഖല കടുത്ത ജലക്ഷാമത്തിൽ
text_fieldsപുനലൂർ: കിഴക്കൻ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ കഴുതുരിട്ടിയാർ വറ്റി. മനുഷ്യർക്കൊപ്പം വന്യജീവികളും വെള്ളമില്ലാതെ ദുരിതത്തിലായി. സംസ്ഥാന അതിർത്തിയായ കോട്ടവാസലിൽനിന്ന് ഉത്ഭവിച്ച് തെന്മല ഡാമിൽ അവസാനിക്കുന്നതാണ് ഈ പുഴ.
ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലുള്ളവരുടെ പ്രധാന ആശ്രയമായിരുന്നു ഇത്. കൂടാതെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെയടക്കം കാട്ടുമൃഗങ്ങളും വെള്ളം കുടിച്ചിരുന്നത് ഈ പുഴയിൽ നിന്നായിരുന്നു. പുഴ വറ്റിയതോടെ തെന്മല പരപ്പാർ ഡാമിന്റെ പലഭാഗങ്ങളിലും ആനകളടക്കം വെള്ളം കുടിക്കാൻ കൂട്ടമായി എത്തുന്നു. പാലരുവി, നെടുമ്പാറ, ചേനഗിരി തുടങ്ങിയ തോടുകളിലെ വെള്ളം കഴുതുരുട്ടിയാറിലാണ് ഒഴുകിച്ചേരുന്നത്.
വനത്തിൽ നിന്നൊഴുകുന്ന ഈ പുഴകളെല്ലാം വറ്റിയതോടെ കഴുതുരുട്ടിയാറിലും വെള്ളമില്ലാതാകുകയായിരുന്നു. ചെറിയ തോതിൽ വെള്ളം ഒഴുകുന്നത് പലയിടത്തും ആളുകൾ പ്രാഥമിക ആവശ്യങ്ങൾക്ക് കെട്ടി നിർത്തിയിരിക്കുന്നതിനാൽ താഴേക്ക് വലിയതോതിൽ വെള്ളം ഒഴുകാനില്ലാതായി. ഇതോടെ ഡാമിലെ പ്രധാന നീരൊഴുക്കും നിലച്ചത് വെള്ളം താഴുന്നതിന് ഇടയാക്കുന്നു. ഈ ആറ്റിലെ വെള്ളം വേനൽക്കാലത്ത് ലഭിക്കാനാണ് കഴുതുരുട്ടിയിൽ തടയണ നിർമിച്ചത്. എന്നാൽ, ഇത്തവണ തടയണയിൽ വെള്ളം കെട്ടിനിർത്താൻ ബന്ധപ്പെട്ട അധികൃതർ തയാറാകാത്തതാണ് ആറിനെ വരൾച്ചയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.