തെന്മല ഡാമിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നു
text_fieldsപുനലൂർ: തെക്കൻ കേരളത്തിലെ പ്രധാന ജലസ്രോതസ്സായ തെന്മല പരപ്പാർ ഡാമിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നത് ഭീഷണിയാകുന്നു. ജനവാസ മേഖലയിൽനിന്ന് ഡാമിൽ ഒഴുകിയെത്തുന്ന പുഴകളിൽ കൂടിയാണ് പ്രധാനമായും പ്ലാസ്റ്റിക് എത്തുന്നത്. ഡാമിനും ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വനത്തിലും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഇവിടെയാണ് അടിയുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ആര്യങ്കാവിലടക്കം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായപ്പോൾ ഈ മേഖലയിൽ പൊതുയിടങ്ങളിലും മറ്റും ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് അടക്കം സർവ മാലിന്യങ്ങളും ജലാശയത്തിൽ എത്തിയിരുന്നു. കാർഷിക ജലസേചനത്തിനൊപ്പം ജില്ലയിലടക്കം പലയിടത്തും ഡാമിൽനിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിനും ഉപയോഗിക്കുന്നുണ്ട്. വനമേഖലയിലടക്കം പ്ലാസ്റ്റിക് കാരിബാഗുകളടക്കം നിരോധനമുണ്ടെങ്കിലും ആരും പാലിക്കാറില്ല. ഉപയോഗശേഷം വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പുഴകളിലൂടെ ഒഴുകി ഡാമിൽ എത്തിപ്പെടുന്നു. കാട്ടിലും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വന്യജീവികൾക്കും ഭീഷണിയാണ്.
ദേശീയപാതയോരത്തും വനത്തിലും വൻതോതിൽ പുറത്തുനിന്ന് പ്ലാസ്റ്റിക് അടക്കം മാലിന്യം വാഹനത്തിൽ കൊണ്ട് തള്ളുന്നുണ്ട്. ഡാം ഉൾപ്പെട്ട മേഖലയിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് കർശനമായി തടഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.