ചാലിയക്കരയിൽ കാട്ടാന ഒഴിയുന്നില്ല,അച്ചൻ കോവിലിൽ പന്നിയുടെ ആക്രമണം
text_fieldsപുനലൂർ: തോട്ടം മേഖലയായ ചാലിയക്കരയിലും പരിസരങ്ങളിലും കാട്ടാന പതിവായി ഇറങ്ങി നാശമുണ്ടാക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നിരവധിയാളുകളുടെ കൃഷി ആന നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തേക്കർ കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രബാബുവിന്റെ സഹോദരിയുടെ പുരയിടത്തിൽ ഒറ്റയാൻ ഇറങ്ങി അടയ്ക്കാമരം, റബർ, വാഴ എന്നീ കൃഷികൾ നശിപ്പിച്ച ശേഷമാണ് മടങ്ങിയത്.
മേഖലയിൽ വനത്തോടും റബർ എസ്റ്റേറ്റുകളോടും ചേർന്നുള്ള എല്ലാ ഭാഗത്തും കാട്ടാനയുടെയും പന്നിയുടെയും നിരന്തര ശല്യം ഉണ്ടാകുന്നു. കുട്ടി വനവും തേക്ക് ഉൾപ്പെടെ പ്ലാന്റേഷനുകളാലും ചുറ്റപ്പെട്ട ഈ ഭാഗത്ത് സൗരോർജ വേലി ഉണ്ടെങ്കിലും ഇവ തകർത്താണ് വന്യാജീവികൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്.
മേഖലയിൽ ഒരു കൃഷിയും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ മതിയായ പ്രതിരോധം തീർക്കാൻ വനം അധികൃതർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
പുനലൂർ: അച്ചൻകോവിലിൽ തമിഴ്നാട് സ്വദേശിനി വയോധികയെ കാട്ടുപന്നി കുത്തി പരുക്കേൽപിച്ചു. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൂവ് വിൽക്കാനെത്തിയ ചെങ്കോട്ട സ്വദേശിനി ശരവണ വടിവിനാണ് ( 76) കുത്തേറ്റത്.
രാവിലെ ക്ഷേത്രത്തിൽ പൂവ് വിൽക്കാൻ ഗവ.എൽ.പി.എസ് സമീപത്തു നിന്ന് വരുമ്പോഴാണ് ഒറ്റയാൻ പിന്നിലൂടെ എത്തി കുത്തി വീഴ്ത്തിയത്. കാലിനും കൈക്കും പരിക്കേറ്റ ഇവരെ ചെങ്കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിയുടെ ശല്യം കാരണം പകൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കൃഷി നശീകരണത്തിന് പുറമെ വളർത്തു മൃഗങ്ങളെയും പന്നി ഉൾപ്പെടെ ആക്രമിക്കുന്നുണ്ട്. വീട്ടിനുള്ളിൽ കയറി വീട്ടമ്മയുടെ കാല് പന്നി കുത്തി കീറിയ സംഭവവും അടുത്തിടെയുണ്ടായി.
പന്നിയുടെ ശല്യം രൂക്ഷമായതോടെ ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊല്ലുവാൻ നടപടി സ്വീകരിച്ചെങ്കിലും പത്ത് പന്നികളെ കൊന്നതിനുശേഷം ചെലവിന് പണം ഇല്ലെന്ന് പറഞ്ഞ് നടപടി അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.