വേനലിലും മരണവ്യാപാരിയായി കല്ലടയാർ
text_fieldsപുനലൂർ: അനിയന്ത്രിതമായ മണലൂറ്റലിൽ കാലൻപുഴയായി കല്ലടയാർ. കടുത്ത വരൾച്ചയിലും നിറഞ്ഞൊഴുകുന്ന കല്ലടയാറ്റിൽ ഒന്നു മുങ്ങി കുളിക്കാമെന്ന മോഹത്തിൽ ഇറങ്ങിയാൽ ജീവൻ പൊലിഞ്ഞതുതന്നെ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രധാന ജലസ്രോതസായ ഈ ആറ് അടുത്തകാലത്തായി മുങ്ങിമരണം പതിവായതോടെ ജനങ്ങളുടെ പേടിസ്വപ്നമാണ്. മുമ്പ് വേനൽക്കാലത്ത് പരിസരവാസികളുടെ പ്രധാന ആശ്രയമായിരുന്ന ഈ പുഴ.
പ്രാഥമിക ആവശ്യങ്ങൾക്കും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും കുടിപ്പിക്കാനും സഹായകമായിരുന്നു. നാട്ടാനകളെപ്പോലും കൊണ്ടുവന്ന് തണുപ്പിക്കാറുണ്ടായിരുന്നു. വേനലിൽ വെള്ളം കുറയുന്നതോടെ വിശാലമായ മൺതിട്ടകൾ തെളിഞ്ഞിരുന്നതിൽ കുട്ടികളും യുവാക്കളും ക്രിക്കറ്റും കബഡിയു മറ്റും കളിക്കാൻ ഉപയോഗിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. ഇപ്പോൾ തീരം ഇല്ലാതായതോടെ സജീവമായി ഉണ്ടായിരുന്ന വേനൽക്കാല പച്ചക്കറി കൃഷിയും നിലച്ചു. മരണക്കുഴികളായതോടെ ഇതെല്ലാം ഓർമ്മകളായി.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും അല്ലാതെയും നടന്ന അനിയന്ത്രിതമായ മണലൂറ്റാണ് ആറിനെ മരണക്കയത്തിൽ എത്തിച്ചത്. മിക്ക കടവുകളിലും പൊക്ലൈനർ ഉപയോഗിച്ച് വളരെ ആഴത്തിലാണ് മണൽ ശേഖരിച്ചത്. ആറ്റിൽ മണൽ കുറഞ്ഞതോടെ തീരവും ഇവർ ഇടിച്ചിറക്കി മണലാക്കി. ഇതുകാരണം തീരത്തുള്ള വ്യക്തികളുടെ ഭൂമി മുഴുവൻ ആറ്റിലേക്ക് ഇടിഞ്ഞിറങ്ങി. ഇങ്ങനെ ഭുമി നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്.
തെന്മല മുതൽ മൺറോതുരുത്ത് വരെ ആറ്റിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടി വരികയാണ്. കൂടുതലും വിദ്യാർഥികളും യുവാക്കളുമാണ് ഇരയാകുന്നത്. അവസാനമായി കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ കടവിന് സമീപം ബന്ധുക്കളായ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. കടുത്ത ചൂടിൽ ആശ്വാസത്തിനായി മുങ്ങിക്കുളിക്കാനെത്തിയ ഇവർ മരണചുഴിയിൽപ്പെടുകയായിരുന്നു.
നീന്തൽ വശമുള്ളവർക്കു പോലും ആറ്റിൽ കുളിക്കാൻ ഭയമാണ്. മിക്ക ഭാഗത്തും വലിയ കയങ്ങൾ കിണറോളം ആഴത്തിൽ രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നു. അറിയാതെ വരുന്നവർ അപകടത്തിലാവും. മനുഷ്യനോ കന്നുകാലികൾക്കോ ഇറങ്ങാൻ പറ്റാത്ത നിലയിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
മണലിന് പകരം ഇപ്പോൾ ചെളി മൂടി കിടക്കുകയാണ്. ആരെങ്കിലും വെള്ളത്തിലേക്ക് ഇറങ്ങിയാൽ അഗാധമായ കുഴിയിൽ അകപ്പെട്ട്പോകും. ആറിന്റെ ആഴം കൂടിയതു കാരണം അടിയൊഴുക്കും അതിശക്തമാണ്. അടിയൊഴുക്കിൽപ്പെട്ടാണ് മിക്ക മരണവും സംഭവിക്കുന്നത്. കല്ലടയാർ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പല പദ്ധതികളും ആവിഷ്കരിക്കാറുണ്ടങ്കിലും ഇതിന് ഫലപ്രാപ്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.