ജില്ല സ്കൂൾ ശാസ്ത്രോത്സവം കരുനാഗപ്പള്ളിക്ക് കിരീടം
text_fieldsഎച്ച്.എസ്.എസ് വിഭാഗം സ്റ്റിൽ മോഡൽ വിഭാഗത്തിൽ ക്വാണ്ടം കമ്പ്യൂട്ടറിങ്ങുമായി ദേവാപ്രിയയും ഹുസ്നയും
(ഗവ. എച്ച്.എസ്.എസ് കടയ്ക്കൽ)പുനലൂര്‍: ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കരുനാഗപ്പള്ളി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നിവയിലെ പ്രകടനത്തിൽ 947 പോയന്റ് നേടിയാണ് കരുനാഗപ്പള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
തൊട്ടുപിന്നാലെ 904 പോയന്റുമായി ചാത്തന്നൂര്‍ ഓവറോൾ രണ്ടാം സ്ഥാനവും നേടി. കുറ്റിക്കാട് സി.പി ഹയർസെക്കൻഡറി സ്കൂളാണ് മികച്ച ഓവറോൾ സ്കൂൾ. 303 പോയന്റാണ് സ്കൂളിലെ മിടുക്കർ സ്വന്തമാക്കിയത്. അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് 232 പോയന്റുമായി രണ്ടാമതെത്തി.
ശാസ്ത്രമേളയില്‍ 93 പോയന്റോടെ അഞ്ചല്‍ ഉപജില്ല ഒന്നാമതായി. ഈ വിഭാഗത്തിൽ 40 പോയന്റ് നേടിയ അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് ആണ് മികച്ച വിദ്യാലയം. ഗണിതശാസ്ത്രമേളയില് 233 പോയന്റ് നേടി ചാത്തന്നൂര്‍ ഉപജില്ല ഒന്നാമതെത്തി. 39 പോയന്റുമായി കുറ്റിക്കാട് സി.പി ഹയര്‍ സെക്കൻഡറി സ്കൂള്‍ മികച്ചതായി.
പ്രവൃത്തി പരിചയമേളയില്‍ 538 പോയന്റ് നേടി കരുനാഗപ്പള്ളി ഉപജില്ല ഒന്നാമതെത്തി. കുറ്റിക്കാട് സി.പി ഹയർ സെക്കൻഡറി സ്കൂള്‍ 133 പോയന്റുകള്‍ നേടി സ്കൂളുകളിൽ ഒന്നാമതായി. സാമൂഹിക ശാസ്ത്രമേളയിൽ 85 പോയന്റ് നേടിയ അഞ്ചല്‍ ഉപജില്ലയും 48 പോയന്റുമായി പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം നേടി. ഐ.ടി മേളയില്‍ 84 പോയന്റുമായി ചടയമംഗലം ഉപജില്ലയും 36 പോയന്റുമായി ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും ഒന്നാമതെത്തി.
സമാപന സമ്മേളനം മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീര്‍ അധ്യക്ഷതവഹിച്ചു. കൊല്ലം ഡി.ഡി.ഇ കെ.ഐ. ലാല്‍ സമ്മാനവിതരണം നിര്‍വഹിച്ചു. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രഥമാധ്യാപിക പി.എ. ഉഷ, പുനലൂര്‍ ഡി.ഡി.ഒ മിനി, പുനലൂര്‍ എ.ഇ.ഒ അജയകുമാര്‍, ചാത്തന്നൂര്‍ എ.ഇ.ഒ റോസമ്മ, ഷീജ ഗോപിനാഥ്, റോസമ്മ, കണ്‍വീനര്‍ ബി. റോയി എന്നിവര്‍ സംസാരിച്ചു.
അല്ലലില്ലാത്ത പഠനത്തിന് സ്കൂൾ വളപ്പ് പ്രകൃതി സൗഹൃദമാക്കാം
പുനലൂർ: ഗ്രീൻ സ്കൂൾ ഒരുക്കി പ്രകൃതി സൗഹൃദമാക്കിയാൽ പഠനവും മെച്ചമാകും ആരോഗ്യവും കാത്തുസൂക്ഷിക്കാം. സ്കൂൾ വളപ്പിലെ അവശിഷ്ടങ്ങളടക്കം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിന് പരിഹാരമായാണ് ശാസ്ത്രമേളയിൽ നീരാവിൽ എസ്.എൻ.ഡി.പി.ഡബ്ല്യൂ എച്ച്.എസ്.എസിലെ സനുഷ എസ്. കുമാറും ശ്രീപാർവതിയും ഗ്രീൻ സ്കൂൾ പരിചയപ്പെടുത്തുന്നത്.
ഓരോ സ്കൂൾ വളപ്പിലും അവശിഷ്ടങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ച് നിസ്സാരമായി ഇത് പ്രാവർത്തികമാക്കാമെന്ന് ഇവർ തെളിയിക്കുന്നു. കെട്ടിടങ്ങളിലെ അടക്കം ഒരു തുള്ളി മഴവെള്ളം പോലും പാഴാക്കാതെ കുടിവെള്ളത്തിനും സ്കൂൾ വളപ്പിലെ കൃഷിക്കും പ്രയോജപ്പെടുത്തുന്നതിനൊപ്പം ആഹാര അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളത് ജൈവവളമായി രൂപാന്തരപ്പെടുത്തി കൃഷിക്ക് വളമായും ഉപയോഗിക്കാം.
ഇ പ്ലേ ഗ്രൗണ്ട് സ്ഥാപിച്ചാൽ കളിക്കൊപ്പം സൗരോർജ വൈദ്യുതി ഉൽപാദനവും സാധ്യമാകും. ഇതിനാവശ്യമായ മാലിന്യ സംസ്കരണ യൂനിറ്റ്, സ്വയം പ്രവർത്തിക്കുന്ന സൗരോർജ പാനൽ, ഇ-പ്ലേ ഗൗണ്ട് , ജലസംഭരണി, ശുദ്ധീകരണ പ്ലാൻറുകൾ, കൃഷിയിടം തുടങ്ങിയവ ഒരുക്കി ശാസ്ത്രീയവും എന്നാൽ തീരെ ചെലവ് കുറഞ്ഞ നിലക്കുമാണ് ഇവരുടെ സങ്കൽപം യാഥാർഥ്യമാക്കിയത്.
പ്ലാസ്റ്റിക്കിനെ ഭയപ്പെടേണ്ട; മൂല്യവത്തായി പുനഃക്രമീകരിക്കാം
പുനലൂർ: പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന അങ്കലാപ്പിന് പരിഹാരമായി പത്തനാപുരം ഇടത്തറ മുഹമ്മദൻ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥിനികൾ. ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിലാണ് സജനായും അൽഫിയയും പൈറോലിസിസ് സമ്പ്രദായം പരിചയപ്പെടുത്തുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യവർധിത ഉൽപന്നമാക്കി ഊർജ പ്രതിസന്ധിക്ക് പരിഹാരമാക്കാമെന്നും ഇവർ തെളിയിക്കുന്നു.
പ്ലാസ്റ്റിക് പൊടിച്ച് നിശ്ചിത താപനിലയിൽ ഉരുക്കിയെടുക്കും. പിന്നീട് ഇത് കത്തിച്ച് നിരാവിയാക്കി മാറ്റുമ്പോൾ 80 ശതമാനം ഓയിലും 18 ശതമാനം ഗ്യാസും അഞ്ച് ശതമാനം കാർബണും ലഭിക്കും. ഓയിൽ വലിയ എൻജിനുകൾ പ്രവർത്തിക്കാനും ഗ്യാസ് ഉപയോഗിച്ച് പൈറോലിസിസ് സംവിധാനം പ്രവർത്തിപ്പിക്കാം. ശേഷിക്കുന്ന കാർബൺ ടാറിന്റെകൂടെ ഉപയോഗിച്ച് റോഡ് ബലപ്പെടുത്താമെന്നും ഇവർ സൂചിപ്പിച്ചു.
ക്വോണ്ടം കമ്പ്യൂട്ടറിന്റെ അനന്തസാധ്യതയുമായി ദേവിപ്രിയയും ഹുസ്നയും
പുനലൂർ: കമ്പ്യൂട്ടർ ലോകത്ത് അനന്തസാധ്യതക്ക് വഴിതെളിക്കുന്ന ക്വോണ്ടം കമ്പ്യൂട്ടറിലൂടെ ചികിത്സരംഗത്ത് മാറ്റത്തിന്റെ സൂചനയുമായി കടയ്ക്കൽ ചിങ്ങേലി ഗവ.വി.എച്ച്.എസ്.എസിലെ ഹുസ്ന നസ്രീനും ദേവിപ്രിയയും. ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം സ്റ്റിൽ മോഡലിലാണ് ക്വോണ്ടം കമ്പ്യൂട്ടറിന്റെ മിനി പതിപ്പുമായി ഇരുവരുമെത്തിയത്.
സാധാരണ ഉപയോഗത്തിലുള്ള ക്ലാസിക്കൽ കമ്പ്യൂട്ടറിൽനിന്ന് വ്യത്യസ്തമായി ആരോഗ്യരംഗത്ത് പ്രത്യേകിച്ചും അർബുദ രോഗത്തിന്റെ ഓരോ ചികിത്സ ഘട്ടത്തിലും ക്വോണ്ടം കമ്പ്യൂട്ടറിന് സംഭാവന ചെയ്യാൻ കഴിയുന്ന നേട്ടങ്ങൾ ഈ രംഗത്ത് വലിയ മാറ്റത്തിന് കാരണമാകും.
പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയുന്നതിലൂടെ കാലാവസ്ഥ വ്യതിയാനംമൂലം നേരിടുന്ന നാശങ്ങൾ മുൻകൂട്ടി കണ്ടെത്തി സുരക്ഷമാർഗം സ്വീകരിക്കാനും ഉപകാരപ്പെടും. ക്ലാസിക് കമ്പ്യൂട്ടറിൽനിന്ന് വ്യത്യസ്തമായി മൾട്ടി ഡയമൺഷ്യൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ക്വോണ്ടം കമ്പ്യൂട്ടറുകൾ 2030 ഓടെ ലോകത്ത് വ്യാപകമാകുമെന്നാണ് ഇരുവരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.