കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ വീണ്ടും ചെമ്മന്തൂരിലേക്ക്
text_fieldsപുനലൂർ: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ചെമ്മന്തൂർ പ്രൈവറ്റ് ബസ്റ്റാൻഡ് വരെ നീട്ടി. യാത്രക്കാരുടെ സൗകര്യവും കൂടുതൽ കലക്ഷനും പ്രതിക്ഷീച്ചാണ് നടപടി. എന്നാൽ, ഒറ്റപ്പെട്ട മലയോര മേഖലയിൽനിന്നുള്ള ബസുകൾ നിലവിലെ അവസ്ഥ തുടരും. മുമ്പ് ഇത്തരത്തിൽ ഓർഡിനറി ബസ് പ്രൈവറ്റ് സ്റ്റാൻഡ് വരെ എത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് നിർത്തിവെച്ചു. നിലവിൽ കൊട്ടാരക്കര ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ചെമ്മന്തൂർ, മാർക്കറ്റ് ജങ്ഷൻ, പോസ്റ്റ് ഓഫിസ് ജങ്ഷൻ, ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിൽ എത്താനേ കഴിഞ്ഞിരിന്നുള്ളൂ. യാത്രക്കാർ കൂടുതലുള്ളതും ഈ സ്റ്റോപ്പുകളിലാണ്.
എന്നാൽ, പത്തനാപുരം, തെന്മല, അഞ്ചൽ ഭാഗങ്ങളിൽനിന്നുള്ള ഓർഡിനറികൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസ് അവസാനിപ്പിക്കുന്നു. ഇതുകാരണം മാർക്കറ്റ് സ്റ്റോപ്പിലടക്കം പോകേണ്ടവർ ഓട്ടോയിലോ മറ്റ് ബസുകളിലോ കയറി പോകേണ്ട അവസ്ഥയായിരുന്നു. അതിനാൽ യാത്രക്കാർ കൂടുതലും സ്വകാര്യ ബസുകളെ ആശ്രയിച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് വരുമാന നഷ്ടം ഉണ്ടാക്കി.
ഓർഡിനറി സർവിസുകൾ നീട്ടിയുള്ള ഉത്തരവ് ചീഫ് ഓഫിസിൽ നിന്നും ലഭിച്ചതോടെ വെള്ളിയാഴ്ച മുതൽ ബസുകൾ പ്രൈവറ്റ് സ്റ്റാൻഡുവരെ ഓടിത്തുങ്ങി. പ്രൈവറ്റ് സ്റ്റാൻഡിൽ സ്ഥല സൗകര്യം ആവശ്യത്തിനുള്ളതിനാൽ ഓർഡിനറികൾ ഇവിടെ എത്തുന്നതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ തിരക്കും കുറയും. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നുള്ള ഓർഡിനറികളുടെ സർവിസ് ക്രമീകരണത്തിന് ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
എന്നാൽ, അച്ചൻകോവിൽ, മുള്ളുമല, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ മലയോര മേഖലകളിൽനിന്നുള്ള ഓർഡിനറികൾ നിലവിലുള്ളതുപോലെ കെ.എസ്.ആർ.ഡി.സി ഡിപ്പോയിൽ സർവിസ് അവസാനിപ്പിച്ചു മടങ്ങും. ഈ ബസുകൾ പ്രൈവറ്റ് സ്റ്റാൻഡ് വരെ എത്തി മടങ്ങുന്നതിന് മതിയായ സമയം ഇല്ലാത്തതാണ് കാരണമായി അധികൃതർ പറയുന്നത്. മാത്രമല്ല ഈ ഭാഗത്ത് ഒറ്റപ്പെട്ട പ്രൈവറ്റ് ബസുകളേയുള്ളൂ. പുനലൂർ, പത്തനാപുരം, അടൂർ, കായംകുളം, കോന്നി, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് പുനലൂരിലേക്ക് ധാരാളം ഓർഡിനറി ബസ് സർവിസുണ്ട്. കുളത്തൂപ്പുഴ, ചടയമംഗലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും അഞ്ചൽ റൂട്ടിലും പുനലൂരിലേക്ക് ഓർഡിനറി സർവിസുണ്ട്. തെന്മല ഭാഗത്തുനിന്നും ആര്യങ്കാവ് ഡിപ്പോകളിലെ ഓർഡിനറികൾ പുനലൂർ ഡിപ്പോയിൽ സർവിസ് അവസാനിപ്പിച്ച് മടങ്ങുകയാണ്.
ഈ മൂന്ന് റൂട്ടുകളിലും എത്തുന്ന പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ടവർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ, കോളജ്, ആശുപത്രികൾ, മാർക്കറ്റ്, കോടതികൾ ഉൾപ്പെടെ നിരവധി സർക്കാർ ഓഫിസുകളിലേക്കുള്ള യാത്രക്കാരും പ്രധാനമായും കയറുന്നത് സ്വകാര്യ ബസുകളിലാണ്. ഇതുകാരണം പത്തനാപുരം, അഞ്ചൽ മേഖലകളിലേക്കുള്ള പ്രൈവറ്റ് ബസുകൾക്ക് തിങ്ങിനിറഞ്ഞ് യാത്രക്കാരെ കിട്ടുമ്പോൾ കെ.എസ്.ആർ.ടി.സി പലപ്പോഴും സ്റ്റാൻഡിൽ നിന്നുള്ള സീറ്റിങ് കപ്പാസ്റ്റി പോലും ആകാതെ സർവിസ് നടത്തേണ്ടിവരുന്നത് വരുമാന നഷ്ടത്തിന് ഇടായാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.